ന്യൂദല്‍ഹി: 2004-05 മുതല്‍ 2018-19 വരെയുള്ള വര്‍ഷങ്ങള്‍ക്കിടെ ദേശീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത ഉറവിടങ്ങളില്‍നിന്ന് 11,234 കോടി രൂപ സംഭാവന ലഭിച്ചെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസാണ് (എ.ഡി.ആര്‍) ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ.എം, എന്‍.സി.പി, ബി.എസ്.പി, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിവരങ്ങളാണ് എ.ഡി.ആര്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും എ.ഡി.ആര്‍ അറിയിച്ചു.
20,000 രൂപയില്‍ കുറവുള്ള സംഭാവനകള്‍ മാത്രമാണ് ആദായ നികുതി റിട്ടേണ്‍സില്‍ പേര് വെളിപ്പെടുത്താതെ രേഖപ്പെടുത്താന്‍ സാധിക്കൂ. ഇലക്ട്രല്‍ ബോണ്ടുകളായോ കൂപ്പണ്‍ വില്‍പനയിലൂടെയോ ദുരിതാശ്വാസ നിധിയിലൂടെയോ മറ്റ് വരുമാനമാര്‍ഗങ്ങളിലൂടെയോ സ്വമേധയാ ഉള്ള സംഭാവനകളിലൂടെയോ ലഭിക്കുന്ന തുക മാത്രമേ ഇത്തരത്തില്‍ ഉറവിടം വ്യക്തമാക്കാതെ രേഖപ്പെടുത്താന്‍ കഴിയൂ.

