മലയാള സിനിമക്ക് മികച്ച സംഭാവനകൾ നൽകിയ സംവിധായകനാണ് ഐ.വി.ശശി. നാല് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ നൂറ്റിയമ്പതോളം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. എഴുപതുകൾ തൊട്ട് തൊണ്ണൂറുകൾ വരെ സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹം കൊണ്ട് വന്നിരുന്നു.
മാസ് കൊമേഷ്യൽ സിനിമകൾ മലയാള സിനിമക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. വലിയ മുതൽമുടക്കിൽ ഒട്ടേറെ താരങ്ങളെ വെച്ച് സിനിമ ചെയ്യാമെന്നും വിജയിപ്പിക്കാമെന്നും കാണിച്ചു തന്നത് ഐ.വി.ശശിയാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാരെ സൂപ്പർസ്റ്റാഴ്സാക്കി മാറ്റിയതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കൊമേഷ്യൽ സിനിമയോട് പുച്ഛമുണ്ടായിരുന്നെന്നും അത് മാറിയത് ഐ. വി ശശിയുടെ സിനിമകളിലൂടെയാണെന്നും പറയുകയാണ് രഞ്ജി പണിക്കർ. ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവാസുരം.മൃഗയ.Photo.Screen Grab/IMDb
‘കൊമേഷ്യൽ സിനിമയോട് എനിക്ക് ചെറിയ പുച്ഛമൊക്കെയുണ്ടായിരുന്നു. അതെല്ലാം തകർത്തെറിഞ്ഞത് ഐ.വി.ശശിയാണ്. മലയാള സിനിമയിൽ ഐ.വി.ശശി എന്ന് പറയുന്ന അവതാരം ആ പ്രായത്തിലുള്ള എല്ലാവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. സിനിമയെന്ന ക്രെയ്സിലേക്ക് നമ്മളെ കൊണ്ടുവന്നത് എന്റെ അനുഭവത്തിൽ ഐ.വി.ശശിയാണ്.’ രഞ്ജി പണിക്കർ പറഞ്ഞു.
തൊണ്ണൂറുകൾ മുതൽ ഇന്നും മലയാള സിനിമയിൽ സജീവമായിട്ടുള്ള നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജി പണിക്കർ. മലയാള സിനിമയിൽ രാഷ്ട്രീയ-ആക്ഷൻ സിനിമകൾക്ക് അടിത്തറയിടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മികച്ച പൊളിറ്റിക്കൽ ഡ്രാമ പ്രമേയമാക്കിയ സിനിമകളായ ‘ആവനാഴി’,’അങ്ങാടി’,’വാർത്ത’ തുടങ്ങിയവയൊക്കെ മലയാള സിനിമയിലേക്കുള്ള ഐ.വി.ശശിയുടെ സംഭാവനകളാണ്. അദ്ദേഹത്തിന്റെ സിനിമളെല്ലാം തന്നെ സാങ്കേതികമായ് മുന്നിട്ടു നിൽക്കുന്നവയായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ നായിക കഥാപാത്രങ്ങൾ ഗ്ലാമറിനപ്പുറം ശക്തമായ സ്വഭാവ സവിശേഷതയുള്ളവരായിരുന്നു. ‘ദേവാസുരം’,’മൃഗയ’,’വർണപ്പകിട്ട്’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് സിനിമകൾ.
ആർട് ഡയറക്ടറായ് സിനിമയിലെത്തുകയും ‘ഉത്സവം’ എന്ന സിനിമയിലൂടെ സ്വന്തന്ത്ര സംവിധായകനുമായ് മാറുകയായിരുന്നു ഐ.വി.ശശി. ജെ.സി.ഡാനിയേൽ പുരസ്കാരവും ദേശീയ പുരസ്കാരവുമുൾപ്പടെ നിരവധി അവാർഡുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
Content Highlight: My disdain for commercial cinema changed through I.V. Sasi’s film said Renji Panicker
