ബാലന്റെ വൈബിലിരിക്കുന്നത് കൊണ്ട് എല്‍ ക്ലാസിക്കോയ്ക്ക് പാട്ട് കൊടുക്കാന്‍ പറ്റുന്നില്ല: സുഷിന്‍ ശ്യാം
Malayalam Cinema
ബാലന്റെ വൈബിലിരിക്കുന്നത് കൊണ്ട് എല്‍ ക്ലാസിക്കോയ്ക്ക് പാട്ട് കൊടുക്കാന്‍ പറ്റുന്നില്ല: സുഷിന്‍ ശ്യാം
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 27th June 2026, 9:10 am

2014ല്‍ പുറത്തിറങ്ങിയ സപ്തമശ്രീ തസ്‌കരഃയിലൂടെ സംഗീത സംവിധായകനായി കരിയര്‍ ആരംഭിച്ച വ്യക്തിയാണ് സുഷിന്‍ ശ്യാം. വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, മിന്നല്‍ മുരളി, ഭീഷ്മപര്‍വം, രോമാഞ്ചം, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം തുടങ്ങിയ ചിത്രങ്ങിലൂടെ മലയാളത്തിലെ ടോപ് മ്യൂസിക് ഡയറക്ടര്‍മാരില്‍ ഒരാളായി മാറാന്‍ സുഷിന്‍ ശ്യാമിന് സാധിച്ചിരുന്നു.

സുഷിന്റെതായി സൗത്ത് ഇന്ത്യയൊട്ടാകെ വലിയ രീതിയില്‍ ആഘോഷിച്ച ഗാനങ്ങളായിരുന്നു ആവേശത്തിലെ ഗലാട്ടയും മഞ്ഞുമ്മല്‍ ബോയ്‌സിലെ കുതന്ത്രവും. അടുത്തിടെ പുറത്തിറങ്ങിയ ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ് എന്ന ചിത്രത്തിലെ സംഗീതം കൊണ്ടും സുഷിന്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വരാനിരിക്കുന്ന പ്രൊജക്ടുകളായ സൂര്യ47 നെ കുറിച്ചും എല്‍ ക്ലാസിക്കോയെ കുറിച്ചും സുഷിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

സുഷിന്‍ ശ്യാം. Photo: YouTube music

‘സൂര്യ സാര്‍ പടത്തില്‍ ഉറപ്പായിട്ടും എക്‌സൈറ്റിങ്ങായിട്ടുള്ള സംഭവങ്ങളുണ്ടാകും. എന്നാല്‍ എന്റയടുത്ത് മൊഹ്‌സിന്‍ കഴിഞ്ഞ ദിവസം ഒരു പാട്ട് ചെയ്ത് തരാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്ത് ചെയ്തിട്ടും എനിക്ക് പാട്ട് കൊടുക്കാന്‍ പറ്റുന്നില്ല. അതില്‍ ഒന്നാമത്തെ കാര്യം ഞാന്‍ ബാലന്റെ വൈബിലിരിക്കുകയാണ്. അതിന്റെ ഇടയില്‍ എല്‍ ക്ലാസിക്കോ എന്ന് പറയുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. അത് വേറെ തന്നെ ഒരു സ്‌പേസാണല്ലോ.

ബാലനെല്ലാം കഴിഞ്ഞപ്പോള്‍ മൊഹ്‌സിന്‍ എന്നോട് അല്പം ലേസി ആവാന്‍ പറഞ്ഞു. എന്നിട്ട് ഒരുപാട് ചിന്തിക്കുകയൊന്നും ചെയ്യാതെ ഒരു പാട്ട് ഉണ്ടാക്കി തരാന്‍ പറഞ്ഞു. പുതിയ പരിപാടികള്‍ ഉറപ്പായിട്ടും ട്രൈ ചെയ്യും എന്നുള്ളത് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. പക്ഷേ കൊമേഷ്യലി അത് എത്രത്തോളം വര്‍ക്ക് ആവും എന്ന കാര്യത്തിലാണ് എനിക്ക് സംശയം. തമിഴിലെ വ്യൂവിങ് കള്‍ച്ചറിനെ കുറിച്ച് എനിക്ക് വലിയ ഐഡിയയില്ല. പക്ഷേ ഒരു ഇന്‍സ്റ്റിന്‍ക്ട് വെച്ച് അത് പിടിക്കാം എന്ന ഐഡിയയിലാണ് പോകുന്നത്.

എല്‍ ക്ലാസിക്കോ. Photo: The Hollywood reporter India

ആവേശത്തില്‍ ഇതിന്റെ ഒരു ഫ്‌ളേവേഴ്‌സ് റിപ്പീറ്റ് ചെയ്യാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ ചലഞ്ച്. എല്‍ ക്ലാസിക്കോയിലാണെങ്കിലും തല്ലുമാല പോലെ ഒരേ ഴോണറിലുള്ള ചിത്രങ്ങള്‍ റിപ്പീറ്റ് ചെയ്യാതെ ചെയ്യാനാണ് നോക്കുന്നത്. ചിത്രത്തിലേക്ക് ഏത് രാജ്യത്തില്‍ നിന്നാണ് ഇന്‍ഫ്‌ളുവന്‍സ് എടുക്കേണ്ടത് എന്ന് മാത്രം നോക്കിയാല്‍ മതി. മിക്കവാറും സ്‌പെയിനില്‍ നിന്നായിരിക്കും. ഇത് എന്റെ സ്‌പെയിന്‍ മാപ്പിള പാട്ടിയിരിക്കും. മൊഹ്‌സിന്‍ പറഞ്ഞത് ‘റാപ്പിള’ പാട്ടെന്നാണ്,’ സുഷിന്‍ പറഞ്ഞു.

Content Highlight: Music Director Sushin Shyam talks about his upcoming projects Suriya47 and El clasico

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.