സാള്‍ട്ട് മംഗോ ട്രീ എന്ന മലയാള ചലച്ചിത്രത്തിലൂടെ സംഗീത ലോകത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ഹിഷാം അബ്ദുള്‍ വഹാബ്. എന്നാല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെയാണ് ഹിഷാം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ‘ദര്‍ശന’ എന്ന പാട്ടിലൂടെ ഇന്ത്യയൊട്ടാകെ അദ്ദേഹം അറിയപ്പെടുകയായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഹിഷാം പ്രവര്‍ത്തിച്ചു. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കി.
തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലേക്കെത്തിയതിനെക്കുറിച്ചും മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകനായ ഷാന്‍ റഹ്‌മാനുമായുള്ള ബന്ധത്തെക്കുറിച്ചും ഹിഷാം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗൃഹക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലേക്ക് ഷാന്‍ റഹ്‌മാന്‍ കോറസ് പാടാന്‍ വിളിച്ചിരുന്നു. പക്ഷേ അന്ന് ഞാന്‍ റിയാദിലാണ്. അതുകൊണ്ട് നടന്നില്ല. അതിനുശേഷം ‘തിര’ എന്ന സിനിമയിലേക്ക് ക്ഷണിച്ചു. ആ സമയം വിനീതേട്ടനും സിനിമയുടെ പൂജയ്ക്കായി അവിടെയുണ്ട്. അദ്ദേഹം പൂജ കഴിഞ്ഞ് സ്റ്റുഡിയോയില്‍ വന്നു. അവിടെവെച്ചാണ് വിനീതേട്ട നെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.
പിന്നീട് ഞാന്‍ സംഗീതം ചെയ്ത ‘കാപ്പുചീനോ’ എന്ന സിനിമയില്‍ ‘ജാനാ മേരി ജാനാ’ എന്ന പാട്ട് വിനീതേട്ടനെക്കൊണ്ട് പാടിച്ചു. അതിനുശേഷം ‘ഓളെക്കണ്ട നാള്‍’ എന്ന സിനിമയ്ക്കായി വിനീതേട്ടനെ വീണ്ടും വിളിച്ചു. ചെന്നൈയില്‍ വെച്ചുതന്നെയാണ് റെക്കോഡിങ്. അന്ന് ഞാന്‍ പറഞ്ഞത് വിനീതേട്ടന്റെ സുഹൃത്തുക്കളാരെങ്കിലും സിനിമ ചെയ്യുകയാണെങ്കില്‍ എന്റെ പേര് സജസ്റ്റ് ചെയ്യണേ എന്നാണ്.
എന്നെ ഞെട്ടിച്ചുകൊണ്ട് വിനീതേട്ടന്‍ അദ്ദേഹത്തിന്റെ തന്നെ സിനിമയിലേക്ക് ക്ഷണിച്ചു. അങ്ങനെ ‘ഹൃദയം’ സംഭവിച്ചു. ഹൃദയത്തിലേക്ക് എന്നെ തിരഞ്ഞെടുത്ത കാര്യം ആദ്യം ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത് ഷാനിക്കയാണ്. അതുവരെയുള്ള വിനീതേട്ടന്റെ സിനിമകളില്‍ ഷാനിക്ക യായിരുന്നു സംഗീതം. രണ്ടുപേരോടും വലിയ കടപ്പാടുണ്ട്,’ഹിഷാം പറഞ്ഞു.
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഹിഷാം സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട നായകനായ കുഷി, രശ്മിക മന്ദാനയുടെ ചിത്രമായ ദി ഗേള്‍ഫ്രണ്ട് തുടങ്ങിയ തെലുങ്ക് ചിത്രങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. ഷറഫുദ്ദീന്‍, കല്ല്യാണി പണിക്കര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ മധുവിധുവാണ് താരം സംഗീതം നല്‍കിയ ഏറ്റവും പുതിയ മലയാള ചിത്രം.
Content Highlight: Music Director Hesham Abdul Wahab talks about his relation with Vineeth Sreenivasan and Shaan Rahman
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.