എല്ലാം നഷ്ടപ്പെട്ടവരെ ഭയക്കണം; ലഖ്‌നൗവിനെ തകർത്ത് മുംബൈയുടെ വമ്പൻ തിരിച്ചുവരവ്
Cricket
എല്ലാം നഷ്ടപ്പെട്ടവരെ ഭയക്കണം; ലഖ്‌നൗവിനെ തകർത്ത് മുംബൈയുടെ വമ്പൻ തിരിച്ചുവരവ്
Sudev A
Monday, 4th May 2026, 11:22 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം വിജയം. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റിനാണ് മുംബൈ കീഴടക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി 20 ഓവറില്‍ 228 എന്ന കൂറ്റന്‍ ടോട്ടലാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ മുംബൈ ആശ്വാസ വിജയം നേടിയിരിക്കുകയാണ്. എന്നാല്‍ ഈ തോല്‍വിയോടെ ലഖ്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.

രോഹിത് ശര്‍മയുടെയും റയാന്‍ റിക്കല്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് മുംബൈ ജയിച്ചുകയറിയത്. രോഹിത് 44 പന്തില്‍ ആറ് ഫോറുകളും ഏഴ് സിക്‌സുകളും അടക്കം 84 റണ്‍സാണ് അടിച്ചെടുത്തത്. റിക്കല്‍ട്ടണ്‍ 32 പന്തില്‍ 83 റണ്‍സ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

അതേസമയം നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ പിന്‍ബലത്തിലാണ് ലഖ്നൗ കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. 21 പന്തുകളില്‍ നിന്നും 63 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് താരം നേടിയത്. ഒരു ഫോറും എട്ട് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

പൂരന് പുറമെ മിച്ചല്‍ മാര്‍ഷ് 44 റണ്‍സും ഹിമന്ത് സിങ് 40 റണ്‍സും എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.

മുംബൈ ബൗളിങ്ങില്‍ കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റുകളും അള്ളാഹ് ഗസന്‍ഫര്‍, വില ജാക്‌സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മെയ് ഏഴിന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എല്‍.എസ്.ജിയുടെ അടുത്ത മത്സരത്തിലെ എതിരാളികള്‍. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം. മെയ് പത്തിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് മുംബൈയുടെയും മത്സരം. റായ്പൂരിലാണ് മത്സരം നടക്കുന്നത്.

Content Highlight: Mumbai Indians Beat Lucknow Super Giants in ipl 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.