ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹരജിയില്‍ ഇന്നു രാവിലെ വാദം കേള്‍ക്കാനിരിക്കെ, സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ബി.ജെ.പിയുടെ മഹാരാഷ്ട്ര ഘടകത്തിനു വേണ്ടി ഹാജരാകുന്നത്.

അതേസമയം ശിവസേനയ്ക്കു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹാജരാകും. കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്‌വിയാണ് എന്‍.സി.പിക്കു വേണ്ടി ഹാജരാകുന്നത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ്.

എന്നാല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തങ്ങള്‍ക്ക് അഭിഭാഷകര്‍ വേണോ എന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഹരജിയില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 11:30 ന് വാദം കേള്‍ക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബര്‍ 30 ന് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് ബി.ജെ.പിയുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും ആവശ്യം. എന്നാല്‍ തീയതി ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ എന്‍.സി.പിയുടെ പുതിയ നിയമസഭാ കക്ഷി നേതാവും പാര്‍ട്ടി സംസ്ഥാനാധ്യക്ഷനുമായ ജയന്ത് പാട്ടീലും പവാറിന്റെ വീട്ടിലെത്തി.

അതേസമയം ബി.ജെ.പിയോടൊപ്പം ചേര്‍ന്ന എന്‍.സി.പി നേതാവ് അജിത് പവാറും അദ്ദേഹത്തിന്റെ മകന്‍ പാര്‍ഥും സ്വന്തം വീട്ടില്‍ നിന്ന് മുംബൈയിലുള്ള അജിത്തിന്റെ സഹോദരന്‍ ശ്രീനിവാസിന്റെ വീട്ടിലേക്കു മാറി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരില്‍ച്ചെന്നു കണ്ടു. ഗവര്‍ണര്‍മാരുടെ സമ്മേളനത്തിനായാണ് അദ്ദേഹം ദല്‍ഹിയില്‍ ചെന്നതെങ്കിലും ഇന്നു രാവിലെ രാഷ്ട്രപതിയെ വീട്ടില്‍ച്ചെന്നു കാണുകയായിരുന്നു.