സൂപ്പര്‍ താരം സഞ്ജു സാംസണിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടന്‍ ക്യാപ്റ്റന്‍സി നല്‍കേണ്ട എന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സഞ്ജുവിന് എല്ലാ ചുമതലയും നല്‍കി അമിത ഭാരം കൊടുക്കേണ്ട എന്ന കൈഫ് പറഞ്ഞു. മാത്രമല്ല സഞ്ജുവിനെ സാവധാനം ഒരു ക്യാപ്റ്റനാക്കി മാറ്റുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചെന്നൈ സഞ്ജുവിന് ഉടന്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കേണ്ടതില്ല. കാരണം അദ്ദേഹം ഇപ്പോള്‍ ടീമിലെത്തിയതേയുള്ളൂ. അദ്ദേഹം എല്ലാം ഒറ്റയടിക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല. ബാറ്റും ചെയ്യണം, വിക്കറ്റ് കീപ്പറുമാകണം, ടീമിനെ വിജയിപ്പിക്കുകയും വേണം.
എല്ലാ ഭാരവും സഞ്ജുവിന് മേല്‍ ചുമത്തേണ്ടതില്ല, സഞ്ജുവിനെ ക്രമേണ ക്യാപ്റ്റനാക്കുകയാണ് വേണ്ടത്. സഞ്ജുവിനെ സാവധാനം ക്യാപ്റ്റനാക്കി മാറ്റുകയാണ് വേണ്ടത്. അത്തരത്തിലൊരു ദീര്‍ഘവീക്ഷണമാണ് വേണ്ടത്. സി.എസ്.കെയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഗെയ്ക്വാദ് ക്യാപ്റ്റനായി തുടരുന്നതാണ് ഉചിതം.
ചെന്നൈയുടെ രീതികള്‍ സഞ്ജു പഠിച്ചുവരികയാണ്. അതുകൊണ്ട് അദ്ദേഹത്തെ പെട്ടന്ന് ക്യാപ്റ്റനാക്കിയാല്‍ അത് അപക്വമായ തീരുമാനമായിരിക്കും. ഗെയ്ക്വാദിനെ ഇതിനകം ചുമതല ഏല്‍പിച്ചതിനാല്‍ ഇനി സി.എസ്.കെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ തിരക്കുകൂട്ടില്ല.
അവര്‍ ഇപ്പോള്‍ ഗെയ്ക്വാദിനെ പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ സഞ്ജുവിന് ഇപ്പോള്‍ ക്യാപ്റ്റന്‍സി നല്‍കിയിരുന്നെങ്കില്‍ അത് തെറ്റായ തീരുമാനമായിരിക്കുമെന്ന് കരുതുന്നു,’ കൈഫ് ചൂണ്ടിക്കാട്ടി.
രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് സ്റ്റാറ്റസ് സ്വന്തമാക്കിയ ശേഷം സഞ്ജു പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാണ് കളത്തിലിറങ്ങുന്നത്. സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. മാര്‍ച്ച് 30നാണ് മത്സരം.