ഗില്ലല്ല, അവനാണ് യഥാര്‍ത്ഥ പോസ്റ്റര്‍ ബോയ്: മുഹമ്മദ് കൈഫ്
Cricket
ഗില്ലല്ല, അവനാണ് യഥാര്‍ത്ഥ പോസ്റ്റര്‍ ബോയ്: മുഹമ്മദ് കൈഫ്
ഫസീഹ പി.സി.
Sunday, 15th March 2026, 3:07 pm

ജസ്പ്രീത് ബുംറയാണ് യഥാര്‍ത്ഥ പോസ്റ്റര്‍ ബോയ് എന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബുംറയെക്കാള്‍ മികച്ച മറ്റൊരു താരമില്ലെന്നും പേസറുള്ള ടീം തോല്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2024ലും 2026ലും ഇന്ത്യ ടി – 20 ലോകകപ്പ് ഉയര്‍ത്താന്‍ കാരണം ബുംറയാണെന്നും താരത്തിന് അര്‍ഹിക്കുന്നത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്, Photo: google/probatsman

‘ജസ്പ്രീത് ബുംറയെക്കാള്‍ വലിയൊരു താരമില്ല. അവനാണ് യഥാര്‍ത്ഥ പോസ്റ്റര്‍ ബോയ്. മറ്റൊരാളും അവന്റെ അടുത്തെത്തില്ല. 2024ലും 2026ലും ഇന്ത്യ ടി – 20 ലോകകപ്പ് ജയിക്കാന്‍ പ്രധാന കാരണം അവനാണ്.

ബുംറയുള്ള ടീം തോല്‍ക്കില്ല. ഇനി അവന്‍ മറ്റൊരു ടീമിലെത്തിയാലും അവര്‍ വിജയിക്കാന്‍ തുടങ്ങും. അതിനാല്‍ അവനെപ്പോലുള്ള ഒരു താരത്തെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്.

ഞാന്‍ ഒരുപാട് താരങ്ങളെ കണ്ടിട്ടുണ്ട്. എന്നാല്‍, ബുംറയ്ക്ക് അര്‍ഹിക്കുന്നത്ര അംഗീകാരവും ശ്രദ്ധയും ലഭിച്ചിട്ടില്ല. അത് വാര്‍ത്തയിലായാലും പരസ്യങ്ങളിലായാലും അങ്ങനെ തന്നെയാണ്,’ കൈഫ് പറഞ്ഞു.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയിരുന്നു. കിരീടനേട്ടത്തില്‍ ബുംറ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ പ്രകടനങ്ങളുമായി തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും നോക്ക്ഔട്ടില്‍ ടീമിന്റെ രക്ഷകനായി അവതരിച്ചിരുന്നു. ഫാസ്റ്റ് ബൗളര്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഫൈനലിലും ബുംറ മിന്നും പ്രകടനവുമായി ആരാധകരുടെ മനസ് കവര്‍ന്നിരുന്നു. കിവീസിനെതിരെ വെറും 15 റണ്‍സ് വിട്ടുകൊടുത്ത് താരം നാല് വിക്കറ്റുകളാണ് പിഴുതത്. ഇത് ഫാസ്റ്റ് ബൗളറെ ഫൈനലിലെ താരമാക്കി.

2024 ടി – 20 ലോകകപ്പിലും ബുംറ ഇന്ത്യന്‍ കിരീടനേട്ടത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. അന്ന് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപെടുത്തുന്നതില്‍ നിര്‍ണായകമായത് താരത്തിന്റെ ഓവറുകളാണ്. ആ വര്‍ഷം ലോകകപ്പ് താരമെന്ന പട്ടവും പേസ് മാസ്റ്ററെ തേടിയെത്തി.

Content Highlight: Muhammed Kaif says that Jasprit Bumrah is the real poster boy

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി