ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യയെ ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് കാലം നയിക്കാനുള്ള കഴിവ് ഗില്ലിനുണ്ടെന്നാണ് കൈഫ് പറഞ്ഞത്. മോശം സാഹചര്യങ്ങളില്‍ ഗില്‍ എങ്ങനെ താരങ്ങളെ കൈകാര്യം ചെയ്യുകയെന്നത് കണ്ടുതന്നെ അറിയണമെന്നും കൈഫ് വ്യക്തമാക്കി. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൈഫ്.
‘പരിശീലകരില്‍ കുറച്ചു ശ്രദ്ധ നല്‍കികൊണ്ട് ക്യാപ്റ്റനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പരിശീലകന്‍ ടീമിനെ നയിക്കും എന്നാല്‍ ഒരു ക്യാപ്റ്റന്റെ കാലാവധി 10-12 വര്‍ഷം വരെ നീണ്ടു നില്‍ക്കും. മോശം അവസ്ഥയില്‍ ഗില്‍ തന്റെ താരങ്ങള്‍ എങ്ങനെ പ്രചോദിപ്പിക്കുകയും ടീമിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും കാണാം. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അദ്ദേഹം നയിച്ചത് ക്യാപ്റ്റന്‍സിയിലുള്ള ഗുണങ്ങള്‍ എടുത്തുകാട്ടി. ഗില്‍ ചെറുപ്പമാണ്. ഇന്ത്യക്ക് ഒരുപാട് കാലം ക്യാപ്റ്റനാവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്,’ കൈഫ് പറഞ്ഞു.
അതേസമയം ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്. പരമ്പരക്ക് മുന്നോടിയായി നാല് യുവ സ്പിന്നര്‍മാരെയും ഇന്ത്യ ടീമില്‍ എത്തിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടയില്‍ ഗില്ലിന് പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ഗില്ലിന്റെ തള്ളവിരലില്‍ തട്ടുകയായിരുന്നു.

പരിക്കേറ്റതോടെ വേദനകൊണ്ട് ഗില്‍ അസ്വസ്ഥനായി ഗ്രൗണ്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഉടന്‍ തന്നെ ടീം ഫിസിയോ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഗില്ലിന്റെ പരിക്കിന്റെ നില മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരും.
അതേസമയം റെഡ് ബോളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Muahmmed Kaif talks about Shubhman Gill captaincy
