400 അടിച്ചിട്ടും ലോകകപ്പിന്റെ താരമായിട്ടും ആദ്യ അഞ്ചില്‍ സഞ്ജുവിന് ഇടമില്ല; ഒന്നാമനാര്?
Sports News
400 അടിച്ചിട്ടും ലോകകപ്പിന്റെ താരമായിട്ടും ആദ്യ അഞ്ചില്‍ സഞ്ജുവിന് ഇടമില്ല; ഒന്നാമനാര്?
ആദർശ് എം.കെ.
Tuesday, 28th July 2026, 10:46 pm

 

തുടര്‍ച്ചയായ രണ്ട് പരമ്പര തോല്‍വികള്‍ക്ക് ശേഷം ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യ വീണ്ടും താളം കണ്ടെത്തിയിരിക്കുകയാണ്. ലോകകപ്പ് നേട്ടത്തിന് ശേഷം കളിച്ച രണ്ട് പരമ്പരയിലും ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ തകര്‍ന്നടിഞ്ഞപ്പോള്‍ സിംബാബ്‌വേയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ നടന്ന പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയത് ടീമിനും പുതിയ ക്യാപ്റ്റനും ആത്മവിശ്വാസം സമ്മാനിക്കുന്നതായിരുന്നു.

ഈ വര്‍ഷമിതുവരെയുള്ള ടി-20 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്. 2026ല്‍ കളിച്ച 22 ഇന്നിങ്‌സില്‍ നിന്നും 35.30 ശരാശരിയിലും 176.90 പ്രഹരശേഷിയിലും 812 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. ആറ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും 2026 ഇഷാന്‍ കിഷന് സമ്മാനിച്ചു.

ഇഷാൻ കിഷൻ. Photo: BCCI/x.com

അന്താരാഷ്ട്ര തലത്തിലെ റണ്‍ വേട്ടക്കാരില്‍ രണ്ടാമന്‍ കൂടിയാണ് ഇഷാന്‍. ഈ വര്‍ഷം ഇതുവരെ 800+ അന്താരാഷ്ട്ര ടി-20 റണ്‍സ് നേടിയ രണ്ട് പേരില്‍ ഒരാള്‍ കൂടിയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. 873 റണ്‍സടിച്ച ഓസ്ട്രിയയുടെ കരണ്‍ബീര്‍ സിങ്ങാണ് 2026ല്‍ ഇതുവരെ ഏറ്റവുമധികം ടി-20ഐ റണ്‍സടിച്ച താരങ്ങളില്‍ ഒന്നാമന്‍.

ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ താരങ്ങളിലെ രണ്ടാമന്‍. ഇഷാന്‍ കിഷനോളം മത്സരം കളിച്ച താരം 514 റണ്‍സാണ് നേടിയത്. 488 റണ്‍സുമായി ശിവം ദുബെ തൊട്ടുപിന്നാലെയുണ്ട്.

400 റണ്‍സ് നേടിയ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ആറാമനാണ്. 14 ഇന്നിങ്‌സില്‍ നിന്നും 30.76 ശരാശരിയിലും 180.99 സ്‌ട്രൈക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്. ലോകകപ്പിന്റെ സെമിയിലും ഫൈനലിലുമടക്കം നേടിയ മൂന്ന് അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്.

സഞ്ജു സാംസണ്‍ Photo: BCCI/x.com

2026ല്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ (ഇതുവരെ)

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ഇഷാന്‍ കിഷന്‍ – 23 – 812

അഭിഷേക് ശര്‍മ – 23 – 514

ശിവം ദുബെ – 20 – 488

സൂര്യകുമാര്‍ യാദവ് – 14 – 484

തിലക് വര്‍മ – 19 – 462

സഞ്ജു സാംസണ്‍ – 14 – 400

ശ്രേയസ് അയ്യര്‍ – 10 – 311

ഹര്‍ദിക് പാണ്ഡ്യ – 12 – 286

ഈ വര്‍ഷം 1000 അന്താരാഷ്ട്ര ടി-20 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാനും ഇഷാന്‍ കിഷന് അവസരമുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരെയെല്ലാം ഇന്ത്യയ്ക്ക് ഈ വര്‍ഷം ഇനിയും ടി-20 പരമ്പരകളുണ്ട്. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരം ഈ പരമ്പരകളിലും ടീമിന്റെ ഭാഗമായേക്കും.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ച് മത്സരങ്ങളാണ് മെന്‍ ഇന്‍ ബ്ലൂ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളിക്കുക. ഒക്ടോബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. എകാനയാണ് വേദി.

 

Content Highlight: Most T20I runs for India in 2026, Ishan Kishan tops the list, Sanju Samson at 6th

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.