ഇന്ത്യൻ ഇതിഹാസവും ചെന്നൈ സൂപ്പർകിങ്‌സിന്റെ മുഖമായ എം.എസ് ധോണി ഒരിക്കലും ടീം മീറ്റിങ്ങുകളിൽ പങ്കെടുക്കുന്ന ആളല്ലെന്ന് തുറന്ന് പറഞ്ഞ് സി.എസ്.കെ മുൻ ഓൾറൗണ്ടർ മോയിൻ അലി. മീറ്റിങ്ങുകൾക്ക് പകരം നെറ്റ് സെഷനുകളിൽ ബാറ്റർമാരോട് ഇടപഴകാൻ അദ്ദേഹം ആവശ്യപ്പെടുമായിരുന്നു എന്നും മോയിൻ അലി കൂട്ടിച്ചേർത്തു. സൂപ്പർ ഓവർ യൂട്യൂബ് ചാനലിൽ സി.എസ്.കെ കുറിച്ചും ധോണിയുടെ പങ്കിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം.
‘സീനിയർ കളിക്കാരും യുവതാരങ്ങളും നിറഞ്ഞ നല്ലൊരു കോമ്പിനേഷനായിരുന്നു സി.എസ്.കെയുടേത്. കൂടുതൽ മീറ്റിങ്ങുകളൊന്നും ഉണ്ടാകാറില്ല. ബാറ്റിങ് ചർച്ചകൾ നെറ്റ്‌സ് പരിശീലനത്തിനിടയിൽ തന്നെ നടത്താനാണ് ധോണി പറയാറുള്ളത്. അത് ഏറെ പ്രായോഗികമായിരുന്നു, കാരണം അടച്ചിട്ട മുറികളിലെ മീറ്റിങ്ങുകളിൽ ആരും വലിയ ശ്രദ്ധ നൽകാറില്ല,’ മോയിൻ അഭിപ്രായപ്പെട്ടു.
ആന്റിഗ്വ ആൻഡ് ബാർബുഡ ഫാൽക്കൺസിനെ കരീബിയൻ പ്രീമിയർ ലീഗ് 2026 ലെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചത് എം.എസ് ധോണിയിൽ നിന്ന് താൻ പഠിച്ച ക്യാപ്റ്റൻസി പാഠങ്ങളാണെന്നും മോയിൻ അലി തുറന്നു പറഞ്ഞു.

ധോണിയും മോയിൻ അലിയും
‘നല്ല കളിക്കാരെ ഒന്നിച്ച് ഒരു ഒഴുക്കിൽ കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ധോണിയിൽ നിന്ന് ഞാൻ ഏറെ കാര്യങ്ങൾ പഠിച്ചു. ടി-20 ക്രിക്കറ്റിൽ സാധാരണയായി ആറ് ബൗളർമാരുണ്ടാകും. അതിൽ ആരെക്കൊണ്ട് പന്തെറിയിക്കണം എന്നതിനേക്കാൾ, ആരെക്കൊണ്ട് എറിയിക്കരുത് എന്നറിയുന്നതിലാണ് കാര്യമെന്നാണ് അദ്ദേഹം പഠിപ്പിച്ച മറ്റൊരു കാര്യം. അത് ക്യാപ്റ്റൻസിയെക്കുറിച്ചുള്ള എന്റെ ചിന്താഗതിയെത്തന്നെ പൂർണ്ണമായി മാറ്റിമറിച്ചു.
നിർണായക ഘട്ടങ്ങളിൽ ബൗൾ ചെയ്യാൻ കഴിയാത്തവരെ കണ്ടെത്തി ഒഴിവാക്കുന്നതിലൂടെ ക്യാപ്റ്റന്റെ പകുതി സമ്മർദം കുറയും. തെറ്റുകൾ സംഭവിക്കുമെന്ന ഭയം ഒഴിവാക്കാൻ ഇത് സഹായിക്കും. ഓരോ സാഹചര്യത്തിലും കാര്യങ്ങൾ ലളിതമാക്കി സ്വയം തീരുമാനമെടുക്കാൻ കഴിയുന്നതിൽ ധോണിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു,’ മോയിൻ കൂട്ടിച്ചേർത്തു.
2021 മുതൽ 2024 വരെ സി.എസ്.കെയ്ക്ക് വേണ്ടി ധോണിയുടെ കീഴിൽ മോയിൻ അലി കളിച്ചിട്ടുണ്ട്. അതിൽ 2021 ലും 2023 ലും ചെന്നൈ കിരീടം നേടിയെടുത്തു. രണ്ട് കിരീടനേട്ടത്തിലും അലി നിർണായക പങ്ക് പങ്കുവഹിച്ചിട്ടുണ്ട്. 15 വിക്കറ്റുകളും 481 റൺസും അലി ചെന്നൈക്കായി നേടികൊടുത്തു.
Content Highlights: Moin Ali speaks about M.S Dhoni captaincy
