23 കോടി പിന്നിട്ട് മോഹിനിയാട്ടം, 50 കോടി അര്‍ഹിക്കുന്ന ചിത്രമെന്ന് സിനിമാ പ്രേമികള്‍
Malayalam Cinema
23 കോടി പിന്നിട്ട് മോഹിനിയാട്ടം, 50 കോടി അര്‍ഹിക്കുന്ന ചിത്രമെന്ന് സിനിമാ പ്രേമികള്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 29th April 2026, 4:41 pm

മലയാള സിനിമാ ആസ്വാദകരെ സംബന്ധിച്ചിടത്തോളം മികച്ച മാസങ്ങളായിരുന്നു മാര്‍ച്ചും ഏപ്രിലും. 2026ന്റെ ആരംഭത്തില്‍ പറയത്തക്ക ചലനമില്ലാതെ കിടന്ന ബോക്‌സ് ഓഫീസിന് പുത്തനുണര്‍വുമായാണ് ജയസൂര്യ നായകനായ ആട് 3 തിയേറ്ററുകളിലേക്കെത്തിയത്. ഇതിന് തൊട്ട് പിന്നാലെ ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട് ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2വും എത്തിയതോടെ ഒരു പിടി നല്ല ചിത്രങ്ങളുടെ പ്രേക്ഷകരാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഈ ബഹളങ്ങള്‍ക്കിടയില്ലെല്ലാം തങ്ങളുടെതായ സ്ഥാനം കണ്ടെത്തി മുന്നേറുകയാണ് കൃഷ്ണപ്രസാദ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ മോഹിനിയാട്ടം.

മോഹിനിയാട്ടം.

റിലീസ് ചെയ്ത് 19 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്നും 23 കോടിയിലധികം നേടി മുന്നേറുകയാണ് മോഹിനിയാട്ടം. ഓരോ ദിവസം പിന്നിടുമ്പോഴും ഷോകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണത്തിന്റെ തെളിവാണ്. 2024 ല്‍ പുറത്തിറങ്ങി തിയേറ്ററുകളില്‍ പരാജയം ഏറ്റവാങ്ങിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമാണെന്നതാണ് മോഹിനിയാട്ടത്തിന്റെ വിജയത്തെ സവിശേഷതയുള്ളതാക്കുന്നത്.

സൈജു കുറുപ്പ് പ്രധാനവേഷത്തിലെത്തിയ ഭരനാട്യത്തിന് വലിയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. പിന്നീട് ഒ.ടി.ടിയില്‍ റിലീസായ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുകയും ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള തീരുമാനത്തില്‍ സൈജു കുറുപ്പും സംവിധായകനും എത്തിച്ചേരുകയുമായിരുന്നു. മോഹിനിയാട്ടവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെ ഭരതനാട്യം തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ നേരിടേണ്ടി വന്ന ദയനീയ അനുഭവം കൃഷ്ണദാസ് മുരളി പങ്കുവെച്ചിരുന്നു.

മോഹിനിയാട്ടം. Photo: Movieday

റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിലൊന്നായിരുന്നിട്ടും പല തിയേറ്ററുകളിലും ചിത്രം കാണാന്‍ ആളില്ലാത്തതിനാല്‍ ഷോ ക്യാന്‍സലാക്കേണ്ടി വന്നിനെക്കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്. എന്നാല്‍ ആദ്യഭാഗത്തെക്കാളും മികച്ചതാക്കി കൂടുതല്‍ കെട്ടുറപ്പുള്ള കഥയുമായാണ് മോഹിനിയാട്ടം തിയേറ്ററുകളിലേക്കെത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തിലുള്ള അഭിനേതാക്കള്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, ജഗദീഷ്, വിനയ് ഫോര്‍ട്ട് തുടങ്ങി വമ്പന്‍ താരനിരയുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നത്. കോമഡി-ക്രൈം ഴോണറിലൊരുങ്ങിയ ചിത്രത്തിലെ ഡാര്‍ക്ക് കോമഡികള്‍ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

Content Highlight: Mohiniyattam gets 23 crores from theatres after 19 days of release

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.