മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവാണ് മോഹന്‍ലാല്‍. നാലുപതിറ്റാണ്ടിലധികമായി നീണ്ടുനില്‍ക്കുന്ന സിനിമാ ജീവിതത്തിലൂടെ എണ്ണിയാലൊടുങ്ങാത്തത്ര കഥാപാത്രങ്ങളാണ് താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന കഥാപാത്രമാണ് ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയുടേത്. വെറുമൊരു നാലാംക്ലാസുകാരനായി താരം വേഷമിടുന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചത് ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായിരുന്നു.

മലയാളത്തില്‍ വന്‍ ഹിറ്റായ ചിത്രം തമിഴും തെലുങ്കും ഹിന്ദിയുമടക്കം ഒട്ടനവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ നായകനാമാരായവര്‍ക്ക് ഒന്നും തന്നെ മോഹന്‍ലാല്‍ ചെയ്ത പോല കഥാപാത്രത്തെ കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. വലിയ ആവേശത്തില്‍ ചിത്രത്തിന് മൂന്നാം ഭാഗവുമായി മെയ് 21ന് തിയേറ്ററുകളിലേക്കെത്തുകയാണ് ജീത്തു ജോസഫ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് സംവിധായകന്‍ ഇതിനോടകം തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

Photo: IMDB

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ഫിലിം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. താന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളെക്കുറിച്ചാണ് താരം നര്‍മം കലര്‍ത്തി അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇഷ്ടമാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ഇഷ്ടമൊന്നുമല്ല അത് ഈ പിള്ളേരുടെ കൂടെ എന്തെങ്കിലും കാണിക്കാന്‍ വേണ്ടിയാണ് ഓരോന്ന് ചെയ്യുന്നത്. അതൊക്കെ കാണിച്ചാല്‍ മാത്രമല്ലേ ഇവരുടെ കൈയില്‍ നിന്നും എന്തെങ്കിലും മനസിലാക്കാന്‍ കഴിയുള്ളൂ. എനിക്കൊരു കുഴപ്പമുള്ളത് എന്താണെന്ന് വെച്ചാല്‍ ഏതെങ്കിലും ഇലക്ട്രോണിക് ഗാഡ്‌ജെറ്റ്‌സ് ഞാന്‍ തൊട്ടാല്‍ ചീത്തയായിപ്പോകും. സെറ്റില്‍ സീനെല്ലാം നോക്കുന്ന മോണിറ്ററുണ്ടല്ലോ അതിനടുത്ത് കുറച്ച് സമയം പോയി നിന്നാല്‍ അദ്ദേഹം പറയും സാറേ ഒന്ന് മാറി നിക്ക് സാറേ എന്ന്.

കീ എന്ന് പറഞ്ഞ് അത് കേടായി പോകും. എന്തോ സ്റ്റാറ്റിക് എലക്ട്രിക്‌സിറ്റിയുടെ കുഴപ്പമാണ്. എന്റെ ഫോണും ടെലിവിഷനും എല്ലാം ചീത്തയാകും. കുഴപ്പമായി മാറുമോ എന്ന് എനിക്ക് അറിയില്ല,’ മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ ഓറയായിരിക്കുമോ ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണമെന്നായിരുന്നു അവതാരക ചോദിച്ചത്.

Photo: IMDB

മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഇതിനോടകം ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. എമ്പുരാന് ശേഷം മലയാളത്തില്‍ നിന്നും ഓപ്പണിങ് ദിവസം 40കോടിയിലധികം കളക്ഷന്‍ നേടുന്ന ചിത്രമായി ദൃശ്യം 3 മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Content Highlight: Mohanlal talks about his connection with Electronic gadgets