മലയാളത്തിന്റെ അഭിമാനമാണ് മോഹന്‍ലാല്‍. നാലര പതിറ്റാണ്ടിലധികം നീണ്ടുനിന്ന കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ല. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. അത്രമാത്രം സ്വാധീനമാണ് അദ്ദേഹം കേരളത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളത്.

65ാം വയസിലേക്ക് കടക്കുമ്പോഴും മോഹന്‍ലാല്‍ ഇപ്പോഴും 40ന്റെ ചെറുപ്പത്തിലാണ്. താരത്തിന്റ ഓഫ് സ്‌ക്രീന്‍ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ മോഹന്‍ലാലിനെ ബോഡിഷെയ്മിങ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ഫിറ്റ്‌നസില്‍ കാണിക്കുന്ന ശ്രദ്ധ പലരെയും അത്ഭുതപ്പെടുത്തുകയാണ്.

Photo: The Hindu

താന്‍ ഇപ്പോഴാണ് ഫിറ്റ്‌നെസ്സില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങിയതെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഒരു നടന്റെ ഏറ്റവും വലിയ ടൂള്‍ അയാളുടെ ശരീരമാണെന്നും അത് ശ്രദ്ധയോടെ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്റെ ശരീരം കാത്തുസൂക്ഷിക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

’20 വര്‍ഷം മുമ്പ് നമ്മള്‍ ഒന്നിന് പിന്നാലെ ഒന്നായി സിനിമകള്‍ ചെയ്യുന്ന സമയമായിരുന്നു. ഇപ്പോഴത്തെ പോലെ ശരീരം ശ്രദ്ധിക്കാനൊന്നും അന്ന് സമയം കിട്ടിയെന്ന് വരില്ല. എനിക്ക് മാത്രമല്ല, എന്റെ കൂടെയുണ്ടായിരുന്ന പല താരങ്ങള്‍ക്കും അതേ അവസ്ഥയായിരുന്നു. അന്ന് ജിം അല്ലെങ്കില്‍ ഫിറ്റ്‌നെസ് സെന്റുകള്‍ ഇല്ലായിരുന്നു. ഒട്ടും ഇല്ലെന്നല്ല, കുറവായിരുന്നു അത്തരം സൗകര്യങ്ങള്‍.

ഇന്ന് അത്തരം സൗകര്യങ്ങള്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും കിട്ടുന്ന അവസ്ഥയാണ്. അതുകൊണ്ട് ഇപ്പോള്‍ നമുക്ക് ഫിറ്റ്‌നെസ് ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ട്. ഇതൊക്കെ ചെയ്യാനുള്ള ആരോഗ്യമുണ്ടാകുന്നത് ഒരുതരത്തില്‍ ഈശ്വരന്റെ അനുഗ്രഹം കൂടി വേണം. നമ്മള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ. അതൊന്നും മനപൂര്‍വം ചെയ്യുന്നതല്ല,’ മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 3 റിലീസിന് തയാറെടുക്കുകയാണ്. ഇന്‍ഡസ്ട്രി ഹിറ്റായ ആദ്യ ഭാഗവും പാന്‍ ഇന്ത്യന്‍ സെന്‍സേഷനായ രണ്ടാം ഭാഗവും സിനിമാപ്രേമികള്‍ക്ക് മികച്ച ദൃശ്യാനുഭവമായിരുന്നു. ജോര്‍ജുകുട്ടിയുടെ മൂന്നാം വരവില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകരുമെന്നാണ് പലരും കരുതുന്നത്.

Content Highlight: Mohanlal saying he gives more attention to fitness nowadays

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ