ഒരു മാസം, മൂന്ന് കാമിയോ; ഒന്ന് മകള്‍ക്കൊപ്പം, മറ്റൊന്ന് തലൈവര്‍ക്കൊപ്പം, എല്ലാം കഴിയുമ്പോള്‍ ഒരൊന്നൊന്നര റോളും, ഓഗസ്റ്റ് തൂക്കാന്‍ മോഹന്‍ലാല്‍
Malayalam Cinema
ഒരു മാസം, മൂന്ന് കാമിയോ; ഒന്ന് മകള്‍ക്കൊപ്പം, മറ്റൊന്ന് തലൈവര്‍ക്കൊപ്പം, എല്ലാം കഴിയുമ്പോള്‍ ഒരൊന്നൊന്നര റോളും, ഓഗസ്റ്റ് തൂക്കാന്‍ മോഹന്‍ലാല്‍
അമര്‍നാഥ് എം.
Thursday, 14th May 2026, 8:47 pm

കഴിഞ്ഞവര്‍ഷം എവിടെ നിര്‍ത്തിയോ അതേയിടത്ത് നിന്ന് വീണ്ടും തുടങ്ങാനായി ഒരുങ്ങുകയാണ് മോഹന്‍ലാല്‍. ഈ വര്‍ഷം ബാക്ക് ടു ബാക്ക് സിനിമകളുമായി താരം കളം നിറയുമെന്ന് ഏറെക്കുറെ ഉറപ്പായി. മമ്മൂട്ടിയുമൊത്തുള്ള പേട്രിയറ്റ് ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ഇനിയങ്ങോട്ട് ബോക്‌സ് ഓഫീസില്‍ താരം കളം നിറയുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

Photo: The Hindu

ഇന്‍ഡസ്ട്രി ഹിറ്റ് നേടിയ സംവിധായകരാണ് മോഹന്‍ലാലുമായി കൈകോര്‍ക്കുന്നത്. ലീഡ് റോളിലും ഗസ്റ്റ് റോളിലുമായി മോഹന്‍ലാല്‍ ഈ വര്‍ഷം മുഴുവന്‍ തന്റെ പേരിലാക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3യാണ് ഇതില്‍ ആദ്യത്തേത്. ജീത്തു ജോസഫിന്റെ കഴിഞ്ഞ സിനിമകളെല്ലാം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും ദൃശ്യം 3 നിരാശപ്പെടുത്തില്ലെന്നാണ് കരുതുന്നത്.

ദൃശ്യം 3ക്ക് ശേഷം ഓഗസ്റ്റ് വരെ മോഹന്‍ലാലിന്റേതായി ഒരു സിനിമ പോലും തിയേറ്ററുകളിലെത്തില്ല. ഓഗസ്റ്റില്‍ മാത്രം മൂന്ന് സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങുക. മൂന്നും കാമിയോ റോളാണെന്നത് ശ്രദ്ധേയമായ കാര്യമാണ്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി നായികയാകുന്ന തുടക്കത്തില്‍ എക്‌സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയുമായെത്തുന്ന ജയിലര്‍ 2 ആണ് അടുത്ത ചിത്രം. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോള്‍ മാത്യൂസും ഒരു വരവ് കൂടി വരുന്നത് ആകാംക്ഷ ഇരട്ടിയാക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി മീശ പിരിച്ച ലുക്കിലാണ് ഇത്തവണ മാത്യൂസ് പ്രത്യക്ഷപ്പെടുക. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററിലെത്തുമെന്ന് കരുതുന്നു.

ഓണത്തിനും മോഹന്‍ലാല്‍ ഭാഗമായ ചിത്രം തിയേറ്ററുകളിലെത്തുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയില്‍ മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. രണ്ടാം ഭാഗത്തിലേക്ക് സൂചന നല്‍കുന്ന കഥാപാത്രം കൂടിയാണ് ഇത്. ഓഗസ്റ്റ് 20നാണ് ഖലീഫയുടെ റിലീസ്.

ഓഗസ്റ്റിലെ ബോക്‌സ് ഓഫീസ് വേട്ട കഴിഞ്ഞാല്‍ സോളോ ഹീറോയായി മറ്റൊരു ചിത്രം ഈ വര്‍ഷം തന്നെ എത്തുന്നുണ്ട്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ഒക്ടോബര്‍ റിലീസായാണ് എത്തുക. ടി.എസ് ലവ്‌ലജനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ബ്രാന്‍ഡ് L തന്നെ ഈ വര്‍ഷവും ബോക്‌സ് ഓഫീസ് ഭരിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

Content Highlight: Mohanlal’s three movies going to release in this August

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം