ഇന്ത്യന്‍ സിനിമ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജോര്‍ജുകുട്ടി എന്ന സാധാരണക്കാരന്റെ മൂന്നാം വരവില്‍ എന്തൊക്കെയാകും സംഭവിക്കുക എന്നറിയാനാണ് പലരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം ദൃശ്യം 3യുടെ ബുക്കിങ്ങും ആരംഭിച്ചിരുന്നു.
ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പുറത്തുവന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജീത്തു ജോസഫിന്റെ മേക്കിങ്ങിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഭൂരിഭാഗം വിമര്‍ശനങ്ങളും. സീരിയല്‍ ലെവല്‍ മേക്കിങ്ങെന്നാണ് പലരും വിമര്‍ശിക്കുന്നത്. ജീത്തു ജോസഫിന്റെ എല്ലാ സിനിമകള്‍ക്കും ഈയൊരു കുഴപ്പമുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.
ദൃശ്യം 3 Photo: Theatrical poster
ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. മേക്കിങ്ങിനെ അത്രകണ്ട് വിമര്‍ശിക്കേണ്ട കാര്യമില്ലെന്നാണ് മോഹന്‍ലാലിന്റെ വാദം. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നതെന്നും അതിനപ്പുറത്തേക്ക് കൂടുതല്‍ നോക്കേണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യത്തിന്റെ ആദ്യഭാഗത്തില്‍ നിന്ന് മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ജോര്‍ജുകുട്ടിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. അവരുടെ ജീവിതരീതി മാറിയിട്ടുണ്ടാകാം. അതെല്ലാം സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. അയാളുടെ ബാങ്ക് ബാലന്‍സ് എത്രയാണ് എന്നൊന്നും പ്രേക്ഷകര്‍ക്ക് അറിയേണ്ട കാര്യമില്ല.
മോഹന്‍ലാല്‍ Photo: Screen grab/ News 18 Kerala
ആ കുടുംബത്തിന് എന്തൊക്കെ സംഭവിക്കുന്നു എന്ന് മാത്രമേ നമ്മള്‍ നോക്കേണ്ടതുള്ളൂ. സിനിമയുടെ മേക്കിങ്ങും മറ്റ് കാര്യങ്ങളിലും വലിയ മാറ്റം വന്നിട്ടുണ്ട്. ഈ സിനിമയില്‍ വളരെ സ്‌റ്റൈലിഷായിട്ടുള്ള മേക്കിങ്ങും പുതിയ ഗാഡ്ജറ്റുകളും വേണമെങ്കില്‍ കാണിക്കാം. പക്ഷേ, ഈ സിനിമ ഡിമാന്‍ഡ് ചെയ്യുന്ന കഥപറച്ചില്‍ അങ്ങനെയുള്ളതല്ല. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.
ദൃശ്യം 2 മുതലാണ് ജീത്തുവിന്റെ മേക്കിങ് വിമര്‍ശിക്കപ്പെട്ടത്. പല സീനുകളുടെയും മേക്കിങ്ങും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളുടെ പ്രകടനവുമെല്ലാം അമച്വറാണെന്നായിരുന്നു വിമര്‍ശനം. മിറാഷ്, കൂമന്‍, വലതുവശത്തെ കള്ളന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ഇതേ വിമര്‍ശനം ലഭിച്ചിരുന്നു. ദൃശ്യം 3യിലും ഇത് ആവര്‍ത്തിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ദൃശ്യം 3 Photo: Theatrical poster
റിലീസിന് രണ്ടാഴ്ച ബാക്കിനില്‍ക്കെ പ്രീ സെയിലില്‍ വലിയ കുതിപ്പാണ് ദൃശ്യം 3 നടത്തുന്നത്. വേള്‍ഡ്‌വൈഡ് അഡ്വാന്‍സ് ബുക്കിങ് ഇതിനോടകം ആറ് കോടി പിന്നിട്ടു. കേരളത്തില്‍ ലിമിറ്റഡ് ബുക്കിങ്ങിലൂടെ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്.
Content Highlight: Mohanlal reacts to the criticisms facing Drishyam 3 movie making