ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് പകരം ടി-20 ലോകകപ്പ് സ്‌ക്വാഡിലേക്ക് ആരെത്തുമെന്ന കാര്യത്തില്‍ ഏകദേശം സ്ഥിരീകരണമായിരിക്കുകയാണ്. സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ആ പകരക്കാരനെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടില്ലെങ്കിലും മുഹമ്മദ് ഷമി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടതാണ് ഇപ്പോഴത്തെ സ്ഥിരീകരണ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍.

‘പറക്കാനുള്ള സമയമായി, ഇത്തവണ ടി-20 ലോകകപ്പിലേക്ക്’ എന്ന ക്യാപ്ഷനോടെയാണ് വിമാനത്തിലിരിക്കുന്ന ചിത്രങ്ങള്‍ ഷമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

അനുഭവപരിചയമുള്ള ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമി തന്നെയാകും ബുംറക്ക് പകരക്കാരനായി എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് ഒരു സ്ഥിരീകരണമായി ആരാധകര്‍ എടുത്തിരിക്കുന്നത്.

രണ്ട് ദിവസത്തിനുള്ളില്‍ ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രസ്താവന വരുമെന്നും ക്രിക്കറ്റ് ട്രാക്ക് ചെയ്യുന്ന ചില ട്വിറ്റര്‍ ഹാന്‍ഡിലുകളും പറയുന്നുണ്ട്. ഷര്‍ദുലിനെയാണ് റിസര്‍വിലേക്ക് കൊണ്ടുപോകുന്നതെന്നും ഇവര്‍ പറയുന്നു.

ഷമിക്കൊപ്പം മറ്റ് രണ്ട് താരങ്ങള്‍ക്ക് കൂടി നേരത്തെ സാധ്യത കല്‍പിക്കപ്പെട്ടിരുന്നു. ഉമ്രാന്‍ മാലികും മുഹമ്മദ് സിറാജുമായിരുന്നു ഇത്. റോ ബൗളറായി അറിയപ്പെടുന്ന ഉമ്രാന്‍ കഴിഞ്ഞ ജൂണിലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളത്തിലിറങ്ങിയത്. 150 വേഗതയില്‍ പന്തെറിയുന്ന ഉമ്രാന്‍ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍.