അദ്ദേഹത്തിനെതിരെ പന്തെറിയുന്നത് വലിയ വെല്ലുവിളിയാണ്: മുഹമ്മദ് അമീര്‍
Cricket
അദ്ദേഹത്തിനെതിരെ പന്തെറിയുന്നത് വലിയ വെല്ലുവിളിയാണ്: മുഹമ്മദ് അമീര്‍
സുദേവ് എ
Saturday, 1st August 2026, 8:10 am

ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്ലിയെ പ്രശംസിച്ച് പാകിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍. വിരാടിനെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് അമീര്‍ വിശേഷിപ്പിച്ചത്. കോഹ്ലിക്കെതിരെ പന്തെറിയുക ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണെന്നും അമീര്‍ വ്യക്തമാക്കി. വിസ്ഡന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാക് താരം.

‘വിരാട് കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്ററാണ് അദ്ദേഹം. അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യുക എളുപ്പമല്ല. അദ്ദേഹത്തിനെതിരെ പന്തെറിയുന്നത് ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ്,’ അമീര്‍ പറഞ്ഞു.

ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് ഇനി കോഹ്ലിയുടെ മുന്നിലുള്ളത്.

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ വിരാട് മിന്നും പ്രകടനമാണ് നടത്തിയത്. ഈ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങി. രണ്ടാം ഏകദിനത്തില്‍ 65 റണ്‍സും അവസാന ഏകദിനത്തില്‍ 74 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.

അതേസമയം ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ്. രമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിലെ വിജയത്തിന് ശേഷമാണ് ഇന്ത്യ ലങ്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍.

Content Highlight: Mohammed Amir praises Indian legend Virat Kohli

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.