ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.
ഇപ്പോള്‍ ഈ പരമ്പരക്ക് മുന്നോടിയായി ടീമില്‍ അവസാന നിമിഷം അവസരം ലഭിച്ച സര്‍ഫറാസ് ഖാനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സര്‍ഫറസിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച എല്ലവര്‍ക്കും സല്യൂട്ട് നല്‍കുകയായിരുന്നു കൈഫ്.
ശ്രീലങ്കയിലെ സ്പിന്നിന് അനുകൂലമായ പിച്ചുകളില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സര്‍ഫറാസിന് സാധിക്കുമെന്നും കൈഫ് എടുത്തു പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു.
‘ബി.സി.സി.ഐ, സെലക്ടര്‍മാര്‍, പരിശീലകര്‍, ക്യാപ്റ്റന്‍ തുടങ്ങിയ തീരുമാനമെടുക്കുന്ന ആളുകളെ ബോധ്യപ്പെടുത്തി സര്‍ഫറാസ് ഖാനെ ശ്രീലങ്കന്‍ പരമ്പരയിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ശ്രീലങ്കയിലെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുമെന്നും സര്‍ഫറാസ് മികച്ച രീതിയില്‍ സ്പിന്‍ കളിക്കുമെന്നും ഇന്ത്യക്ക് അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കുമെന്നും വിശ്വസിച്ച് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എന്റെ സല്യൂട്ട്,’ കൈഫ് പറഞ്ഞു.
ലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സായ് സുദര്‍ശന് പകരമായാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളിലെ 11 ഇന്നിങ്സില്‍ നിന്ന് 371 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ ഇതുവരെ നേടിയത്. ഫസ്റ്റ് ക്ലാസില്‍ 62 മത്സരങ്ങളിലെ 92 ഇന്നിങ്സില്‍ നിന്ന് 5114 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തിയ ശേഷമായിരുന്നു സര്‍ഫറാസ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2024ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം അരങ്ങേറിയത്. 2024ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് സര്‍ഫറാസ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്.