ബാറ്റിങ് എളുപ്പമായിരുന്നില്ല, ഗില്ല് പോലും പരാജയപ്പെട്ടു; സൂപ്പര്‍ താരത്തെ പിന്തുണച്ച് കൈഫ്
Cricket
ബാറ്റിങ് എളുപ്പമായിരുന്നില്ല, ഗില്ല് പോലും പരാജയപ്പെട്ടു; സൂപ്പര്‍ താരത്തെ പിന്തുണച്ച് കൈഫ്
ശ്രീരാഗ് പാറക്കല്‍
Wednesday, 19th August 2026, 10:59 pm

ശ്രീലങ്കയ്‌ക്കെതിരായ വിജയത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക ബാറ്റിങ് പ്രകടനമാണ് വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ കാഴ്ചവെച്ചത്. മത്സരത്തിലെ താരവും പടിക്കലായിരുന്നു. ബൗളിങ്ങില്‍ മാനവ് സുതര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് പടിക്കലിന് തന്നെയായിരുന്നു. ഇപ്പോള്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ശ്രീലങ്കന്‍ പിച്ചില്‍ ബാറ്റിങ് എളുപ്പമായിരുന്നില്ലെന്നും ശുഭ്മന്‍ ഗില്‍ പോലും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസില്‍ വെച്ചുകൊണ്ട് മാനവിനേക്കാള്‍ പടിക്കലിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘പന്ത് തിരിയുകയായിരുന്നു, അതിനാല്‍ ബാറ്റിങ് എളുപ്പമായിരുന്നില്ല. ശുഭ്മന്‍ ഗില്‍ സെഞ്ച്വറി നേടാതെ നിര്‍ത്താറില്ല, പക്ഷേ രണ്ട് ഇന്നിങ്സുകളിലും അദ്ദേഹം പരാജയപ്പെട്ടു. ദേവദത്ത് പടിക്കല്‍ 160ല്‍ കൂടുതല്‍ റണ്‍സ് നേടി, അത് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ആദ്യ ഓവര്‍ മുതല്‍ പന്ത് മാറിക്കൊണ്ടിരുന്നു, ബാറ്റിങ് ബുദ്ധിമുട്ടായിരുന്നു. ഇത് മനസില്‍ വെച്ചുകൊണ്ട് മാനവിനേക്കാള്‍ പടിക്കലിന് മുന്‍ഗണന നല്‍കണം,’ കൈഫ് പറഞ്ഞു.

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ലങ്കയുടെ തട്ടകമായ ഗല്ലെയില്‍ നടന്ന മത്സരത്തില്‍ 165 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 206 റണ്‍സിന് പുറത്താകുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ – 462 & 193

ശ്രീലങ്ക – 284 & 206 (T: 372)

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് താരം കരുത്ത് കാട്ടിയത്. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 75 പന്തില്‍ 44 റണ്‍സ് നേടിയും താരം മികവ് പുലര്‍ത്തി. ദേവ്ദത്താണ് മത്സരത്തിലെ താരവും.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാനവ് സുതറാണ്. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും നേടിയാണ് മാനവ് ലങ്കന്‍ നിരയിലെ തകര്‍ത്തത്.

Content Highlight: Mohammad Kaif Talking About Devdutt Padikkal And Manav Suthar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ