[share]

[]മലപ്പുറം: നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും എം.പിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍.

മോഡി പ്രധാനമന്ത്രി ആകില്ലെന്നും പണം വാങ്ങിയാണ് മോഡി റാലിയില്‍ പങ്കെടുക്കുന്നതെന്നും അസ്ഹറുദ്ദീന്‍ ആരോപിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച യൂത്ത് അസംബ്ലിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവറാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും സോണിയാ ഗാന്ധി, പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി എന്നിവരെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച് നടക്കുകയാണ് മോഡിയുടെ ജോലിയെന്നും അസ്ഹര്‍ പറഞ്ഞു.

“ഗുജറാത്ത് വികസനം മാതൃകാപരമല്ല, ധനികര്‍ കൂടുതല്‍ ധനികരാകുകയും പാവപ്പെട്ടവര്‍ ദാരിദ്ര്യത്തില്‍ അമരുകയും ചെയ്യുന്ന സാഹചര്യമാണ് ഗുജറാത്തിലുള്ളത്.
ശക്തമായ ജനാധിപത്യവും മനുഷ്യശക്തിയുമുളള രാജ്യമായ ഇന്ത്യയുടെ പുരോഗതിക്കായി നാം ഒന്നിക്കുകയാണ് വേണ്ടത്” അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മികച്ച ജീവിത സാഹചര്യമാണുള്ളതെന്നും കേരളത്തിലേക്ക് വരാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ലെന്നും അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ്, പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.