ന്യൂദല്‍ഹി: ജെന്‍ സിയെ കയ്യിലെടുക്കാന്‍ പുതിയ റീലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള ‘ഗെറ്റ് റെഡി വിത്ത് മി’ വീഡിയോ പങ്കുവെക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് കൊണ്ടുള്ളതാണ് പുതിയ റീല്‍.
ഇന്ത്യയുടെ നെയ്ത്ത് പാരമ്പര്യം പ്രദര്‍ശിപ്പിക്കാനും കരകൗശല നിര്‍മാണം ജീവിതോപാധിയാക്കിയ കുടുംബങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കുമെന്നും മോദി പറയുന്നു.
‘നിങ്ങള്‍ സൗഹൃദ ദിനം ഊഷ്മളമായി ആഘോഷിച്ചത് പോലെ കൈത്തറി ദിനവും ആഘോഷിക്കൂ,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ ആദരിക്കാന്‍ എല്ലാവരും ഒത്തുചേരണം. കൈത്തറി ഉത്പന്നങ്ങള്‍ എല്ലാവരും വാങ്ങുകയും ധരിക്കുകയും വേണം. കൈത്തറി ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ രാജ്യത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ലക്ഷണക്കണക്കിന് നെയ്ത്തുകാരുടെ ഉപജീവന മാര്‍ഗവും സംരക്ഷിക്കും,’ മോദി പറഞ്ഞു.
ഇത്തരത്തില്‍ ജെന്‍ സിയെ അഭിസംബോധന ചെയ്ത് കൊണ്ട് മോദി പങ്കുവെക്കുന്ന അഞ്ചാമത്തെ റീലാണിത്. സി.ജെ.പി പ്രക്ഷോഭ സമയത്തായിരുന്നു മോദി അര്‍ധ രാത്രികളില്‍ വീഡിയോ പങ്കുവെച്ച് തുടങ്ങിയത്.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആളുകളെ പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും അതിവേഗ കോടതി സ്ഥാപിക്കുമെന്നും പറഞ്ഞ് കൊണ്ടുള്ളതായിരുന്നു മോദിയുടെ ആദ്യത്തെ റീല്‍. ഫ്രണ്ട്‌സ് എന്ന് അഭിസംബോധന ചെയ്ത് കൊണ്ടുള്ള സെല്‍ഫി വീഡിയോകളായിരുന്നു അദ്ദേഹം പങ്കുവെച്ച് കൊണ്ടിരുന്നത്.
എന്നാല്‍ അര്‍ധരാത്രിയില്‍ ഇറങ്ങിയ ഈ റീലുകള്‍ വലിയ ട്രോള്‍ മെറ്റീരിയലായി മാറി. പതിനായിരക്കണക്കിന് റീലുകളാണ് അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ജെന്‍ സികള്‍ ചെയ്തത്.
Content Highlight: Modi launches ‘Get Ready With Me’ challenge to connect with Gen Z; calls for participation on National Handloom Day.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.