മിന്നൽ മുരളിയായി മമ്മൂക്കയും ഷിബുവായി മുരളിയും, ഈ സ്വപ്‌നസങ്കൽപ്പം യാഥാർഥ്യമാക്കിയ എ.ഐ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കോംബോകളിലൊന്നായ മമ്മൂട്ടി–മുരളി കൂട്ടുകെട്ട് വീണ്ടും ഒരേ ഫ്രെയിമിൽ കാണാനുള്ള ആരാധകരുടെ ആഗ്രഹമാണ് ഈ വീഡിയോയ്ക്ക് പിന്നിൽ.
മമ്മൂട്ടി, മുരളി , Photo: IMDb
ടോവിനോ തോമസ് അനശ്വരമാക്കിയ ‘മിന്നൽ മുരളി’യുടെ സൂപ്പർഹീറോ വേഷത്തിലാണ് മമ്മൂട്ടിയെ എ.ഐ സൃഷ്ടിച്ചിരിക്കുന്നത്. അതിന് എതിരാളിയായി, സിനിമയിലെ വില്ലൻ ഷിബുവിന്റെ വേഷത്തിൽ മുരളിയും. ഈ അപൂർവ ദൃശ്യങ്ങൾ കണ്ടതോടെ, പഴയകാല ഓർമ്മകളിലേക്കാണ് മലയാളി പ്രേക്ഷകർ തിരികെ പോയത്. ഇതാണ് നമ്മൾ കാണാൻ കൊതിച്ച രംഗം, മുരളി ഇന്നുണ്ടായിരുന്നെങ്കിൽ ഈ കോംബോ സ്ക്രീനിൽ കാണാമായിരുന്നു, 90സ് കിഡ്സിന് മിന്നൽ മുരളി ഉണ്ടായിരുന്നെങ്കിൽ അത് മമ്മൂക്കയായേനെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
‘എ സ്റ്റോറി ബാക്ക് ഇൻ 90സ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തിറങ്ങിയത്. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ മമ്മൂട്ടി ആരാധകരും സിനിമാസ്നേഹികളും വീഡിയോ ഇരുകൈയും നീട്ടി സ്വീകരിച്ചു. ട്രെൻഡിങ് ലിസ്റ്റുകളിൽ ഇടം പിടിച്ച വീഡിയോ, താരങ്ങളുടെ പഴയകാല മാജിക് ഇന്നും പ്രേക്ഷക മനസ്സിൽ എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുകയാണ്.
മമ്മൂട്ടിയും മുരളിയും ഒന്നിച്ചെത്തിയ ചിത്രങ്ങൾ മലയാളികൾ സ്നേഹത്തോടെ ഏറ്റെടുത്തവയായിരുന്നു. നാടകത്തിലൂടെ സിനിമയിലെത്തിയ മുരളി, പിന്നീട് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറി. ‘ഞാറ്റടി’യായിരുന്നു ആദ്യ ചിത്രം. അഭിനയത്തിന് പുറമെ ടെലിവിഷനിലും എഴുത്തിലും സ്വന്തം അടയാളം പതിപ്പിച്ച മുരളി, മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണയും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം രണ്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്.
ഈ എ.ഐ വീഡിയോ, ഒരു കാലഘട്ടത്തിന്റെ നൊസ്റ്റാൾജിയയെയും ആരാധകരുടെ സങ്കൽപ്പലോകത്തെയും ഒരുമിച്ച് നിറവേറ്റിയ ഒന്നായിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.