അന്ന് ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു, മിന്നൽ മുരളിക്ക് ശേഷം സിനിമകൾ ചെയ്യണ്ട എന്ന് തീരുമാനിച്ചു: ഫെമിന ജോർജ്
Malayalam Cinema
അന്ന് ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു, മിന്നൽ മുരളിക്ക് ശേഷം സിനിമകൾ ചെയ്യണ്ട എന്ന് തീരുമാനിച്ചു: ഫെമിന ജോർജ്
കെ.എസ് ഷാബിന
Wednesday, 27th May 2026, 9:52 am

ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘മിന്നൽ മുരളി’യിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയമായ നടിയാണ് ഫെമിന ജോർജ്. ചിത്രത്തിലെ ‘ബ്രൂസ്‌ലി ബിജി’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, മിന്നൽ മുരളിക്ക് ശേഷം താൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും സിനിമയിലെ തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറയുകയാണ് താരം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫെമിന മനസ്സ് തുറന്നത്.

മിന്നൽ മുരളി തന്റെ ആദ്യ ചിത്രമായിരുന്നെന്നും, അതിന് മുമ്പ് ക്യാമറയ്ക്ക് മുന്നിൽ നിന്നുള്ള യാതൊരു പരിചയവും തനിക്കുണ്ടായിരുന്നില്ലെന്നും ഫെമിന പറയുന്നു. അതുകൊണ്ടുതന്നെ ആദ്യ ചിത്രത്തിന് ശേഷം പെട്ടെന്ന് പെട്ടെന്ന് അടുത്ത സിനിമകൾ ചെയ്യേണ്ട എന്നൊരു തീരുമാനം താൻ എടുത്തിരുന്നു എന്നും താരം പറയുന്നു.

മിന്നൽ മുരളി.Photo:The news minute/Pinterest

‘വളരെ സൂക്ഷിച്ചുമാത്രം സിനിമകൾ ചെയ്താൽ മതി എന്നായിരുന്നു മനസ്സിൽ. സിനിമയെക്കുറിച്ച് എല്ലാം പതിയെ മനസ്സിലാക്കി ചെയ്യാൻ എന്റേതായ ഒരു സമയം ഞാൻ എടുത്തു. എന്നാൽ ഈ ഒരു രീതി മറ്റുള്ളവർക്ക് വിജയിക്കണം എന്നില്ല, എനിക്ക് ഭാഗ്യം കൊണ്ട് അത് വർക്ക് ആയി. സിനിമയിൽ പിടിച്ചുനിൽക്കാനുള്ള ആ ഒരു തുടക്കസമയം വളരെ ബുദ്ധിമുട്ടേറിയതാണ്,’ഫെമിന വ്യക്തമാക്കി.

‘മിന്നൽ മുരളി’ ചെയ്ത സമയത്ത് ചില നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും, അത് തിരുത്തി ശരിയാക്കിയെടുക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും താരം കൂട്ടിച്ചേർത്തു. തനിക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ എങ്ങനെ തിരഞ്ഞെടുക്കണം എന്ന് സ്വയം പഠിച്ചെടുക്കാനാണ് താൻ ആ സമയം ഉപയോഗിച്ചത്. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ സിനിമയിൽ നിന്നും പെട്ടെന്ന് തന്നെ ഫീൽഡ് ഔട്ട് ആയിപ്പോകാൻ എളുപ്പമാണെന്നും ഫെമിന ഓർമ്മിപ്പിച്ചു.

കറക്കം.Photo:Imdb

ഇന്ന് എല്ലാ ചിത്രങ്ങൾക്കും ഓഡിഷനുകൾ നടക്കുന്നുണ്ട്, ധാരാളം അവസരങ്ങളും മുന്നിലുണ്ട്. അത്തരം സാഹചര്യത്തിൽ നമ്മൾ തിരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റും സിനിമകളുമാണ് ഇൻഡസ്ട്രിയിലെ നമ്മുടെ നിലനിൽപ്പിനെ തീരുമാനിക്കുന്നത്. അതുകൊണ്ടാണ് താൻ ഇപ്പോൾ വളരെ ശ്രദ്ധിച്ച് മാത്രം സിനിമകൾ തിരഞ്ഞെടുക്കുന്നതെന്നും താരം പറഞ്ഞു.

അർജുൻ അശോകൻ നായകനായ ‘തീപ്പൊരി ബെന്നി’, ‘ ശേഷം മൈക്കിൽ ഫാത്തിമ’ എന്നിവയാണ് ഫെമിനയുടേതായി ഇതിനകം പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ. കൂടാതെ, അല്ലു അർജുൻ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ‘രാക്ക’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഫെമിന. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് താരം എത്തുന്നത്.

ശ്രീനാഥ് ഭാസി നായകനാകുന്ന ‘കറക്കം’ എന്ന ചിത്രമാണ് ഫെമിനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. സുബാഷ് ലളിത സുബ്രമണ്യൻ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രത്തിൽ ‘പിങ്കി മോൾ’ എന്ന കഥാപാത്രത്തെയാണ് ഫെമിന അവതരിപ്പിക്കുന്നത്. മണികണ്ഠൻ ആചാരി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, ബിജുക്കുട്ടൻ, മിഥുട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രം ഈ മാസം 28-നാണ് തിയേറ്ററുകളിൽ എത്തുന്നത്.

Content Highlight: Minnal Murali actress Femina George talks about her cinema career

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.