malapparambu-school

തിരുവനന്തപുരം: കോടതി വിധിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ സംസ്ഥാനത്തെ നാലു സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍, പാലോട്ട് എ.യു.പി സ്‌കൂള്‍, വേളൂര്‍ പി.എം.എല്‍.പി സ്‌കൂള്‍എസ്, മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്‌കൂളുകള്‍.

ഈ സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കുന്നതിന്റെ മുന്നോടിയായി കരട് ധവളപത്രം മന്ത്രിസഭായോഗം അംഗീകരിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ധവളപത്രം നിയമസഭയില്‍ വയ്ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ അനൗദ്യോഗിക അംഗങ്ങളുടെ സേവനം, കാലവധി തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കും. കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ എന്നിവയിലെ അംഗങ്ങളുടെ സേവനമാണ് നിയമാനുസൃതമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവര്‍ക്ക് കാലാവധി തീരുന്നതുവരെ സ്ഥാനത്ത് തുടരാം.

മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.