നാല് വര്‍ഷത്തിന് ശേഷവും അവര്‍ ലോകകപ്പില്‍ കളിക്കാന്‍ ശ്രമിക്കുന്നതിന് വലിയ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല: മികേല്‍ സില്‍വെസ്‌ട്രെ
Football
നാല് വര്‍ഷത്തിന് ശേഷവും അവര്‍ ലോകകപ്പില്‍ കളിക്കാന്‍ ശ്രമിക്കുന്നതിന് വലിയ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല: മികേല്‍ സില്‍വെസ്‌ട്രെ
ശ്രീരാഗ് പാറക്കല്‍
Saturday, 25th July 2026, 1:01 pm

ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 2030ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ മാഞ്ച്സ്റ്റര്‍ യുണൈറ്റഡ് താരം മികേല്‍ സില്‍വെസ്‌ട്രെ.

മെസിയും റൊണാള്‍ഡോയും അവരുടെ പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്നും നാല് വര്‍ഷത്തിന് ശേഷവും ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ലോകകപ്പ് നാല് വര്‍ഷം അകലെയാണെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ ഇരുവരും തുടരുമെന്നും ഇപ്പോള്‍ അവരുടെ കരിയറിന് ഒരു അവസാനവും കാണുന്നില്ലെന്നും മികേല്‍ കൂട്ടിച്ചേര്‍ത്തു.

‘അവരുടെ പാരമ്പര്യത്തെക്കുറിച്ചാണ് ഇനി അവര്‍ ചിന്തിക്കേണ്ടത്. കായികപരമായ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, നാല് വര്‍ഷത്തിന് ശേഷവും അവര്‍ ലോകകപ്പില്‍ കളിക്കാന്‍ ശ്രമിക്കുന്നതിന് വലിയ അര്‍ത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

സാങ്കേതിക മികവല്ല പ്രശ്‌നം, കളിയുടെ ശാരീരിക ആവശ്യകതകളാണ്. ആ ശാരീരിക വെല്ലുവിളികളെ നേരിടുക വളരെ പ്രയാസമാണ്. അതിനാല്‍ നാല് വര്‍ഷത്തിന് ശേഷമുള്ള അടുത്ത ലോകകപ്പില്‍ അവര്‍ കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

ലോകകപ്പ് നാല് വര്‍ഷം അകലെയാണ്. അതൊഴിച്ചാല്‍ അവരുടെ കരിയറിന് ഞാന്‍ ഇപ്പോള്‍ ഒരു അവസാനവും കാണുന്നില്ല. ഈ രണ്ടുപേര്‍ക്കും ഫുട്‌ബോളിനോടുള്ള അഭിനിവേശം അത്രയേറെ ശക്തമാണ്. ഇന്നും അവര്‍ കളിയില്‍ വലിയ സ്വാധീനം ചെലുത്തുന്നവരാണ്.

കരിയറിനോടുള്ള അവരുടെ സമര്‍പ്പണവും അതേപടി തുടരുകയാണ്. മികച്ച പ്രകടനം കാഴ്ചവെക്കുകയും കിരീടങ്ങള്‍ നേടുകയും ചെയ്യുക എന്നതാണ് അവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ട് തന്നെ അവര്‍ ഉടന്‍ ബൂട്ട് അഴിച്ചുവെക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’ മികേല്‍ സില്‍വെസ്‌ട്രെ ഗോളിനോട് പറഞ്ഞു.

ഫൈനലില്‍ സ്‌പെയ്‌നിനെതിരെ പരാജയപ്പെട്ടെങ്കിലും 2026 ലോകകപ്പില്‍ മികച്ച പ്രകടനമാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി കാഴ്ചവെച്ചത്. എട്ട് മത്സരത്തില്‍ നിന്നും എട്ട് ഗോളുകള്‍ വലയിലെത്തിച്ച താരം, നാല് തവണ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചു. 741 മിനിട്ടുകള്‍ കളത്തില്‍ നിറഞ്ഞുനിന്ന താരം, 25 ചാന്‍സുകളും ക്രിയേറ്റ് ചെയ്തു.

അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും റൗണ്ട് ഓഫ് 16ല്‍ സ്‌പെയ്‌നിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടാണ് മടങ്ങിയത്. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

 

Content Highlight: Mikael Silvestre Talking About Retirement Of Lionel Messi And Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ