microsoftpro

മൈക്രോസോഫ്റ്റ് കമ്പനി തങ്ങളുടെ പ്രശസ്ത സര്‍ഫസ് ബ്രാന്‍ഡ് നാമത്തോടുകൂടി ഒരു ഫോണിന്റെ നിര്‍മ്മാണത്തിലാണെന്ന ഊഹാപോഹം മാസങ്ങളായി കേട്ടുവരുന്നതാണ്.

സര്‍ഫസ് ടാബ്ലറ്റുകള്‍ വിപണിയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് കമ്പനിക്ക് ഇതേ പേരില്‍ ഫോണ്‍ ഇറക്കാന്‍ പ്രചോദനമായിട്ടുണ്ട്. ഇന്നാല്‍ ആന്‍ഡ്രോയിഡിന്റേയും ഐ.ഒ.എസിന്റേയും വിപണിയിലെ കുത്തക തകര്‍ത്ത് മൈക്രോസോഫ്റ്റിന് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യത്തിന് അവരുടെ ഉത്തരം എന്താണെന്നത് കാത്തിരുന്ന് തന്നെ അറിയണം.

സര്‍ഫസ് ഫോണില്‍ ഇന്റലിന്റെ എക്‌സ് 86 പ്രൊസസറും, 8 ജി.ബി റാമും, 512 ജി.ബി സംഭരണ ശേഷിയും കൂടാതെ വലിപ്പമുള്ള സ്‌ക്രീനും പ്രതീക്ഷിക്കാം.

ഐഫോണ്‍ 6 പ്ലസ് 16 ജി.ബിയുടെ നിര്‍മ്മാണ സാധനങ്ങളുടെ വില ഏകദേശം 236 ഡോളറാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 5 ന്റേത് ഏകദേശം 290 ഡോളറുമാണ്.

ഈ കണക്കുവെച്ച് നോക്കിയാല്‍ മൈക്രോസോഫ്റ്റ് ഇറക്കാനുദ്ദേശിക്കുന്ന സര്‍ഫേസ് ഫോണിന്റെ നിര്‍മ്മാണ സാമഗ്രികളുടെ മാത്രം വില 600 ഡോളര്‍ വരെ ആയേക്കാമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അങ്ങനെയുള്ളപ്പോള്‍ പുതിയ ഫോണിന്റെ വിലയെന്താകുമെന്ന് കണ്ടു തന്നെ അറിയണം. വിന്‍ഡോസ് ഫോണ്‍ ടിവിയിലോ മോണിറ്ററിലോ കണക്റ്റ് ചെയ്ത് അതിനെ ഒരു കമ്പ്യൂട്ടറായി ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയായ ക്വാണ്ടിനം എന്ന ഫീച്ചറിന് ഊന്നല്‍ നല്‍കിയാകും പുതിയ ഫോണ്‍ പുറത്തിറക്കുക.

എന്നാല്‍ ഈ തീരുമാനം ലൂമിയ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശങ്ക  നല്‍കുന്നതാണ്. ലോക മൊബൈല്‍ വിപണിയില്‍ ലൂമിയ ഫോണുകളുടെ സാന്നിധ്യം വെറും മൂന്ന് ശതമാനം മാത്രമാണ്. അതിനാല്‍ തന്നെ ലൂമിയ നിര്‍മ്മാണത്തില്‍ നിന്നും കമ്പനി പിന്തിരിയുമെന്ന് ഊഹാപോഹങ്ങള്‍ ശക്തമായതാണ് ഇതിന് കാരണം.