ഇംഗ്ലീഷ് വമ്പൻമാരായ മഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് കാലഘട്ടങ്ങളിൽ പന്തുതട്ടിയ താരമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2009ൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പായിയിരുന്നു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളത്തിൽ ഇറങ്ങിയത്. പിന്നീട് 2021ൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിൽ നിന്നും താരം വീണ്ടും ഓൾഡ് ട്രാഫോഡിലേക്ക് ചേക്കേറി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപിടി മികച്ച താരങ്ങൾക്കൊപ്പം പന്തുതട്ടി ഇതിഹാസ കരിയറാണ് സൃഷ്ടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമ്പോൾ റൊണാൾഡോയുടെ നിഴലായി മാറിയ ഒരു താരത്തെക്കുറിച്ച് ഇംഗ്ലണ്ട് ഇതിഹാസം മൈക്കൽ ഓവൻ സംസാരിച്ചിരുന്നു.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനി റൊണാൾഡോയുടെ നിഴലിൽ ആണെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു മൈക്കൽ ഓവൻ പറഞ്ഞിരുന്നത്. ഇടയ്ക്കിടെയുള്ള പരിക്കുകൾ നാനിയുടെ പ്രകടനങ്ങളിലെ സ്ഥിരത കുറയ്ക്കാൻ കാരണമായെന്നും ഓവൻ പറഞ്ഞു. ഡെയിലി സ്റ്റാറിന് നൽകിയ അഭിമുഖത്തിലായിരുന്നു ഓവൻ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നത്.
‘ഫുട്‌ബോളിൽ മികച്ച കഴിവുള്ള താരങ്ങൾ ഉണ്ട്. എന്നാൽ പിന്നീട് അവരുടെ കഴിവുകളിൽ മികച്ച രീതിയിൽ പുറത്തെടുക്കാൻ സാധിക്കാത്ത താരങ്ങളുമുണ്ട്. ഭാവിയിൽ മികച്ച താരങ്ങളാവും എന്ന് കരുതിയ ഒരുപാട് പേർ ഉണ്ടായിരുന്നു. ഇവർക്ക് തങ്ങളുടെ കരിയറിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ നാനി അങ്ങനെ ഒരാളാണ്. അവൻ റൊണാൾഡോയുടെ നിഴലിൽ ഒതുങ്ങിപോവുകയും അതിലൂടെ അവന്റെ കഴിവുകൾ കൃത്യമായി പുറത്തെടുക്കാൻ സാധിക്കാതെയും പോയി.
നാനി ഓരോ ആഴ്ചകളിലെ മത്സരങ്ങളിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ നേടാറുണ്ട്. എന്നാൽ കളിക്കളത്തിൽ അവൻ ചെറിയ പരിക്കുകൾ നേരിടും. ഇത് അവന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്താൻ കാരണമാവും. പിന്നീട് അവൻ കുറച്ചു മാസങ്ങളിൽ കളിക്കളത്തിൽ നിന്നും പുറത്തിരിക്കേണ്ടിവരും,’ മൈക്കൽ ഓവൻ പറഞ്ഞു.
2007ലാണ് നാനി പോർച്ചുഗീസ് ക്ലബ്ബായ സ്‌പോർട്ടിങ് സി.പിയിൽ നിന്നും ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. എട്ട് വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായ നാനി 230 മത്സരങ്ങളിൽ നിന്നും 41 ഗോളുകളും 71 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.
2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റയൽ മാഡ്രിഡിലേക്ക് കൂടുമാറിയ അതേ സീസണിലാണ് മൈക്കൽ ഓവൻ റെഡ് ഡെവിൾസിൽ ചേരുന്നത്. ഓവനും നാനിയും 25 തവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരുമിച്ചു കളിച്ചിട്ടുള്ളത്.