2026 ലോക ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. മെക്‌സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.
പല രാജ്യങ്ങളും കിരീടം ചൂടി ലോകത്തിന്റെ നെറുകയിലെത്തുമ്പോള്‍ പല ടീമുകളുടെയും കണ്ണീരിന് കൂടി ലോകകപ്പ് വേദിയാകാറുണ്ട്. ഓരോ രാജ്യങ്ങളും ലോകം കീഴടക്കുകയെന്ന സ്വപ്നവുമായി ലോകകപ്പിലെത്തുമ്പോള്‍ പല ടീമുകളും നിര്‍ഭാഗ്യത്തിന്റെ ചരിത്രം കൂടി ലോകകപ്പില്‍ അടയാളപ്പെടുത്തും.
അത്തരത്തിലോരു നിര്‍ഭാഗ്യ നേട്ടം ഇപ്പോഴും മെക്‌സിക്കോയുടെ പേരിലാണുള്ളത്. ലോക കിരീടം സ്വന്തമാക്കാതെ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പില്‍ പങ്കെടുത്ത ടീമാണ് മെക്‌സിക്കോ. ഇതുവരെ 17 ലോകകപ്പ് കളിച്ച മെക്‌സിക്കോ 18ാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ഒരു കിരീടം പോലും സ്വന്തമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
കിരീടം നേടാതെ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പില്‍ പങ്കെടുത്ത രാജ്യം, ടൂര്‍ണമെമെന്റുകളുടെ എണ്ണം
മെക്‌സിക്കോ-18
ബെല്‍ജിയം-15
നെതര്‍ലാന്‍ഡ്സ്-12
പോര്‍ച്ചുഗല്‍-9
പോളണ്ട്-9
ലോകകപ്പില്‍ ഗ്രൂപ്പ് എ-യിലാണ് മെക്‌സിക്കോയുടെ സ്ഥാനം. സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 1970, 1986 മെക്സിക്കോ ആതിഥേയത്വം വഹിച്ച ലോകകപ്പുകളില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു.
മറ്റൊരു ലോകകപ്പ് കൂടി സ്വന്തം മണ്ണിലേക്കെത്തുമ്പോള്‍ മെക്സിക്കോ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജൂണ്‍ 11ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് മെക്സിക്കോയുടെ ആദ്യ മത്സരം.
അതേസമയം ഇതിഹാസ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോയാണ് മെക്‌സിക്കോ ടീമിലെ പ്രധാന താരം. തന്റെ 40ാം വയസിലാണ് ഒച്ചാവോ അവസാന ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സഹ രാജ്യങ്ങളില്‍ ഒന്നാണ് മെക്സിക്കോ. അതുകൊണ്ട് തന്നെ സ്വന്തം നാട്ടില്‍ അവസാന ലോകകപ്പ് കളിക്കാനുള്ള അവസരമാണ് ഒച്ചോവക്ക് ലഭിച്ചിരിക്കുന്നത്.
ഈ ലോകകപ്പില്‍ കളത്തിലിറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമാകുന്ന താരമെന്ന നേട്ടവും ഒച്ചാവോക്ക് സ്വന്തമാക്കാന്‍ സാധിക്കും. തന്റെ ആറാം ലോകകപ്പ് കളിക്കാനാണ് ഒച്ചാവോ ഒരുങ്ങുന്നത്. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ശേഷം ആറാം ലോകകപ്പ് കളിക്കാനാണ് താരം എത്തുന്നത്.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഗോള്‍ കീപ്പറാവാനും ഒച്ചാവോക്ക് സാധിക്കും. 2006ലാണ് ഒച്ചാവോ ആദ്യമായി ലോകകപ്പിന്റെ ഭാഗമായത്. ശേഷം 2010, 2014, 2018, 2022 ലോകകപ്പുകളിലും താരം മെക്‌സിക്കോക്കായി കളത്തിലിറങ്ങി.
Content Highlight: Mexico is the team that has participated in the World Cup the most times without winning the title