നീണ്ട 21 വർഷത്തെ ഇന്റർനാഷണൽ ഫുട്ബോൾ കരിയർ അവിസ്മരണീയമായി അവസാനിപ്പിച്ച് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. ബ്യൂണസ് ഐറിസിലെ മോന്യൂമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെ നടന്ന സൗഹൃദ മത്സരത്തോടെയാണ് മെസി അവസാനമായി അർജന്റീനയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞത്.

ലയണൽ മെസി
മത്സരശേഷമുള്ള വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതനായ മെസി, അർജന്റീന ടീമിനായി കളിക്കുക എന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണെന്ന് പറഞ്ഞു. കൂടാതെ, തന്റെ ജീവിതകാലം മുഴുവൻ അർജന്റീനയിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇതിഹാസ താരം കൂട്ടിച്ചേർത്തു.
‘അർജന്റീന ദേശീയ ടീമിനൊപ്പം ഇനി ഇവിടെ വരാൻ കഴിയില്ല എന്നത് വളരെ വേദനാജനകമായ കാര്യമായിരിക്കും… സത്യം പറഞ്ഞാൽ, എന്റെ ജീവിതകാലം മുഴുവൻ ഇവിടെത്തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. അർജന്റീനയ്ക്ക് വേണ്ടി കളിക്കുക എന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്,’ മെസ്സി പറഞ്ഞു.
സംസാരത്തിനിടയിൽ അർജന്റീന ദേശീയ ടീം വിടാൻ തീരുമാനിച്ചതിൻ്റെ കാരണവും അദ്ദേഹം വിശദീകരിച്ചു.

ലയണൽ മെസി
‘ദേശീയ ടീമിൽ നിന്ന് വിരമിക്കാനുള്ള സമയമായെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ ലോകകപ്പും ഞാൻ കടന്നുപോയ വഴികളും വളരെ പ്രയാസമേറിയതായിരുന്നു… എന്റെയും ഒരു രാജ്യത്തിന്റെയും സ്വപ്നം സാക്ഷാത്കരിക്കുക എന്ന ആഗ്രഹമാണ് ഞങ്ങൾക്കുണ്ടായിരുന്നത്: 2022-ൽ വീണ്ടും ലോക ചാമ്പ്യന്മാരാവുക എന്നത്. 2026 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഞങ്ങൾ സർവ്വതും നൽകി പൊരുതി. അത് ഞങ്ങളെ ഏറെ തളർത്തിക്കളഞ്ഞു.
ഈ മൈതാനത്തുനിന്ന് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കളി അവസാനിപ്പിക്കാനും എനിക്ക് മനസ്സില്ല. ഞാൻ നിങ്ങളെയെല്ലാം ഒരുപാട് ഓർക്കും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. അർജന്റീന ദേശീയ ടീമിനോട് വിടപറയുന്ന ഇന്ന്, എന്റെ കരിയറിലെ ഏറ്റവും സങ്കടകരമായ ദിവസത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്,’മെസ്സി കൂട്ടിച്ചേർത്തു.
2022-ലെ ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഉൾപ്പെടെ രാജ്യത്തിന് സാധ്യമായ എല്ലാ നേട്ടങ്ങളും സമ്മാനിച്ചാണ് മെസിയുടെ മടക്കം. വിടവാങ്ങൽ മത്സരത്തിലും ഒരു ഗോൾ നേടി 3 -1 ന് വിജയം നേടിക്കൊടുത്ത താരം 190-ലേറെ മത്സരങ്ങളിൽ നിന്ന് 110-ലധികം ഗോളുകളുമായാണ് അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയുന്നത്.
Content Highlights: Messi talks about his career in retiring function
