മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഫുട്‌ബോള്‍ പ്രേമം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സുപരിചിതമാണ്. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളിനെയും ഏറെ സ്‌നേഹിക്കുന്ന ധോണി ഐ.എസ്.എല്ലിലെ ചെന്നൈയിന്‍ എഫ്.സിയുടെ കോ ഓണര്‍ കൂടിയാണ്.

ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്തുപോലും ധോണി ഫുട്‌ബോള്‍ കളിക്കാറുണ്ടായിരുന്നു. ധോണിയുടെ അതേ ഫുട്‌ബോള്‍ പ്രേമം തന്നെയാണ് മകള്‍ സിവ ധോണിക്കും ലഭിച്ചിരിക്കുന്നത്. അര്‍ജന്റീനയുടെ കടുത്ത ആരാധിക കൂടിയാണ് ഈ ഏഴ് വയസുകാരി.

ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ സിവയെ തേടി ഒരു സര്‍പ്രൈസ് സമ്മാനമെത്തിയിരിക്കുകയാണ്. സമ്മാനം നല്‍കിയതാകട്ടെ സാക്ഷാല്‍ ലയണല്‍ മെസിയും.

സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ അര്‍ജന്റീനയുടെ ജേഴ്‌സിയാണ് മെസി സിവക്ക് സമ്മാനിച്ചിരിക്കുന്നത്.

മെസിയുടെ സമ്മാനം ലഭിച്ചതോടെ സിവ ഏറെ ഹാപ്പിയാണ്. ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളും സിവ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.