സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ചുപിന്റെ പുതിയ പാട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ആഗയാഹുന്‍ മേഹി എന്ന് തുടങ്ങുന്ന ഗാനം നിമിഷ നേരം കൊണ്ട് പ്രേക്ഷക പ്രീതി നേടുകയാണ്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.

വളരെ വ്യത്യസ്തമായി പൂര്‍ണമായും ഒരു ഡാര്‍ക് മോഡില്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ടീസറുമെത്തിയത്. സോനന്ദ് കിര്‍ക്കിറെയുടെ വരികള്‍ക്ക് അമീത് ത്രിവേദിയാണ് മ്യൂസിക് ഡയറക്ഷന്‍ ചെയ്തിരിക്കുന്നത്. അമിത് ത്രിവേദി തന്നെയാണ് ചുപിലെ ഈ പാട്ട് പാടിയിരിക്കുന്നതും.

ഒരു തിയേറ്ററിനുള്ളില്‍ മഴയില്‍ ഡാന്‍സ് കളിക്കുന്ന ദുല്‍ഖറിനെ പാട്ടില്‍ കാണാം. സിനിമയിലെ ചില പ്രധാനപ്പെട്ട രംഗങ്ങളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരു ദത്തിനുള്ള സമര്‍പ്പണമായി ഒരുങ്ങുന്ന ചിത്രമാണ് ചുപ്.

ചിത്രത്തിന്റെ മുഴുവന്‍ പേര് ‘ചുപ് : റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ എന്നാണ്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

സംവിധായകന്‍ ഗുരു ദത്തിന്റെ ജന്മവാര്‍ഷിക ഓര്‍മ്മദിനത്തിലാണ് ചുപിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നത്. ഗുരു ദത്തിനുള്ള സമര്‍പ്പണമായിരിക്കും ഈ ചിത്രമെന്ന് ബാല്‍കി പറഞ്ഞിരുന്നു.

കര്‍വാന്‍, ദ സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ചുപ്.

Content Highlight: mera love song from chup starring dulquer salmaan