അവനെ പോലൊരു താരം 100 വർഷം കൂടുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂ: വാൻ ബാസ്റ്റൻ
Football
അവനെ പോലൊരു താരം 100 വർഷം കൂടുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂ: വാൻ ബാസ്റ്റൻ
സുദേവ് എ
Thursday, 20th August 2026, 5:04 pm

ഫുട്‌ബോളിൽ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങൾക്കൊന്നും ഒരു അവസരവും നൽകാതെ ആധിപത്യം പുലർത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇരുതാരങ്ങളിൽ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചർച്ചകളും എപ്പോഴും സജീവമായി നിലനിൽക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റിൽ മുൻ നെതർലാൻഡ്സ് താരം മാർക്കോ വാൻ ബാസ്റ്റൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. മെസിയെക്കാൾ മികച്ച താരം റൊണാൾഡോയാണെന്ന് പറയുന്നവർക്ക് ഫുട്‌ബോളിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുൻ നെതർലാൻഡ്സ് താരം പറഞ്ഞിരുന്നത്. ഗിവ്മീ സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിലായിരുന്നു വാൻ ബാസ്റ്റൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

‘ക്രിസ്റ്റ്യാനോ ഒരു മികച്ച താരമാണ്. എന്നാൽ മെസിയെക്കാൾ മികച്ചവനാണ് റൊണാൾഡോയെന്ന് പറയുന്നവർക്ക് ഫുട്‌ബോളിനെക്കുറിച്ച് ഒന്നും അറിയില്ല. ഇത് അവർ മോശമായ വിശ്വാസത്തിലാണ് പറയുന്നത്. മെസിയെ പോലെ ഒരു താരത്തെ അനുകരിക്കുക എന്നത് അസാധ്യമാണ്. അവനെപ്പോലെയൊരു താരം ഫുട്‌ബോളിൽ അമ്പതോ നൂറോ വർഷങ്ങൾ കൂടുമ്പോൾ മാത്രമേ വരുകയുള്ളൂ,’ വാൻ ബാസ്റ്റൻ പറഞ്ഞു.

ഇരുതാരങ്ങളും തങ്ങളുടെ കരിയറിലെ അവസാന ഘട്ടത്തിലും മികച്ച പോരാട്ടവീര്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ 2026 ലോകകപ്പിന് ശേഷം ഇരു താരങ്ങളും ക്ലബ്ബ് ഫുട്‌ബോളിൽ വീണ്ടും സജീവമായിരിക്കുകയാണ്. തുടർച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അർജന്റീനയും സ്വപ്നം ഫൈനലിൽ അവസാനിക്കുകയായിരുന്നു. കലാശപോരാട്ടത്തിൽ സ്‌പെയ്‌നിനോട് പരാജയപ്പെട്ടതാണ് അർജന്റീനക്ക് കിരീടം നഷ്ടമായത്.

ഈ ലോകകപ്പിൽ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തിൽ 21 ഗോളുകളാണ് മെസി നേടിയത്.

മറുഭാഗത്ത് റൊണാൾഡോക്ക് പ്രീക്വാർട്ടർ വരെയാണ് ലോകകപ്പിൽ മുന്നേറാൻ സാധിച്ചത്. ചാമ്പ്യന്മാരായ സ്‌പെയ്‌നിനോട് പരാജയപ്പെട്ടായിരുന്നു പോർച്ചുഗലിന്റെ മടക്കം. 41ാം വയസിൽ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാൾഡോ ടൂർണമെന്റിൽ മൂന്ന് ഗോളുകൾ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ നേടിയ റൊണാൾഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂർണമെന്റിലും ഗോൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ ആറ് വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾ വേട്ടക്കാരനെന്ന റെക്കോഡും റൊണാൾഡോ സ്വന്തമാക്കി.

 

Content Highlight: Marco Van Bastan Talks about Cristiano Ronaldo and Lionel Messi

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.