naseer-hussain-mankadaമങ്കട: മങ്കടയില്‍ ദുരാചാരഗുണ്ടകളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട നസീര്‍ മരണത്തിന് തൊട്ടുമുമ്പ് “ലാ ഇലാഹ ഇല്ലള്ള” എന്ന് പറഞ്ഞത് ഇപ്പോഴും തനിക്കു കേള്‍ക്കാമെന്ന് കൊലപാതകത്തിന് സാക്ഷിയായ ലത്തീഫ്. എട്ടുപേരാണ് അപ്പോള്‍ മുറിയിലുണ്ടായിരുന്നതെന്നും ലത്തീഫ് പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

“സംഭവം കെട്ടിച്ചമച്ച് നസീറക്കയെ കൊല്ലുകയായിരുന്നു. അല്ലെങ്കില്‍ തൊട്ടയല്‍വാസിയായ ഞാന്‍ അറിയേണ്ടേ. ആ വീടിന്റെ 50 മീറ്റര്‍ അകലെയാണ് എന്റെ വീട്. എന്നിട്ടും ആരോപിക്കുന്നതുപോലെ ഒരു സംഭവം ഞാന്‍ അറിഞ്ഞില്ല. നസീറിനെക്കുറിച്ച് അങ്ങനെയൊരു ആക്ഷേപവും ആര്‍ക്കുമില്ല.” ലത്തീഫ് പറയുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന അമ്പലപ്പടി നാസര്‍ ഫോണില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ അവിടെ എത്തിയത്. കള്ളന്‍ കയറിയെന്നായിരുന്നു വിളിച്ചു പറഞ്ഞത്. അധികം വെളിച്ചമില്ലാത്ത മുറിയില്‍ നസീര്‍ ചുമരും ചാരി ഇരിക്കുന്നതാണ് അവിടെ എത്തിയപ്പോള്‍ കണ്ടത്. അപ്പോഴും നസീറിന്റെ തലമാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂവെന്നും ലത്തീഫ് വ്യക്തമാക്കി.

“എന്നെ കണ്ടപ്പോള്‍ ലത്തീഫേ എന്നു വിളിച്ചു. വെള്ളം കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ ആ പട്ടിക്ക് കൊടുക്കരുതെന്ന് പറഞ്ഞ് ആരോ തടഞ്ഞു. കാല്‍ മുറിഞ്ഞ നിലയിലായിരുന്നു. പുറത്തിറങ്ങി സുഹൃത്തുക്കളെ വിളിച്ചു. അപ്പോഴേക്കും സമയം കുറേക്കഴിഞ്ഞിരുന്നു. വീണ്ടും അകത്തു കയറിയപ്പോഴും അവര്‍ അടിക്കുകയായിരുന്നു. ഒടുവില്‍ ലാ ഇലാഹ ഇല്ലള്ള എന്ന് രണ്ടുതവണ പറയുന്നതുകേട്ടു. ആള്‍ പോയിയെന്ന് അപ്പോഴേ തോന്നിയിരുന്നു.” ലത്തീഫ് വിശദമാക്കി.