ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്.

സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

വലിയ പ്രതീക്ഷയുടെ സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മൂന്നു പോസ്റ്ററുകൾ അല്ലാതെ മറ്റൊരു അപ്ഡേഷനും ഇന്നുവരെ ചിത്രത്തിന്റെതായി വന്നിരുന്നില്ല. ഇപ്പോഴിതാ പുതിയ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.

മഞ്ഞുമ്മൽ ബോയ്സ് എന്ന ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയും, അവിടെ അവർ നേരിടുന്ന അപകടവുമാണ് സിനിമയുടെ പ്രമേയമെന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നുണ്ട്.

ഷൈജു ഖാലിദിന്റെ അവിസ്മരണീയമായ ഫ്രെയിമുകളും സുഷിൻ ശ്യാമിന്റെ നിഗൂഢത നിറഞ്ഞ പശ്ചാത്തല സംഗീതവും ട്രെയ്ലർ കാണുന്ന പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. രോമാഞ്ചം പോലെ സൈലന്റായി വന്ന് വലിയ വിജയമാവുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

നിഗൂഢതയും സസ്പെൻസും നിറഞ്ഞ ഒരു ഫ്രണ്ട്ഷിപ്പ് ചിത്രം തന്നെയാവും മഞ്ഞുമ്മൽ ബോയ്സ്. ശരിക്കും നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയൊരുങ്ങുന്ന ചിത്രം കൂടെയാണ് മഞ്ഞുമ്മൽ ബോയ്സ്.

പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

Content Highlight: Manjummal Boys Trailer Released