ചത്ര: കനത്ത മഴയില്‍ കുടുങ്ങി നടി മഞ്ജുവാര്യരും സംഘവും. ഹിമാചലിലെ ചത്രയിലാണ് മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനുമുള്‍പ്പെടെയുള്ള ആളുകളും കുടുങ്ങിയത്.

സനല്‍കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാചലില്‍ എത്തിയതായിരുന്നു ഇവര്‍. സനലും മഞ്ജുവും അടക്കം സംഘത്തില്‍ 30 പേര്‍ ആണ് ഉള്ളത്.

ഹിമാലയത്തിലാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടക്കുന്നത്. എന്നാല്‍ ഹിമാചലില്‍ കനത്ത മഴ തുടരുകയാണ്.

മൂന്നാഴ്ചയായി ഇവര്‍ ഇവിടെ ചിത്രീകരണത്തിലായിരുന്നു. കനത്തെ മഴയെ തുടര്‍ന്ന് പ്രദേശത്തെ റോഡ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. റോഡ് ഒലിച്ചുപോയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവും സാധ്യമായിട്ടില്ല.

മണാലിയില്‍ നിന്നും മൂന്ന് കിലോമിറ്റീര്‍ മാറിയാണ് സ്ഥലം. ഇന്നലെ സഹായഭ്യര്‍ത്ഥിച്ച് മഞ്ജു വാര്യര്‍ മധു വാര്യയരെ ബന്ധപ്പെട്ടിരുന്നു.

200 അംഗ സംഘം ച്ഛത്രയില്‍ കുടുങ്ങിയിട്ടുണ്ടെന്നും മഞ്ജു അറിയിച്ചു. ഇന്ന് രാവിലെ മഞ്ജു വാര്യരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്ന് മധു വാര്യര്‍ പറഞ്ഞു.

രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് കൈവശമുള്ളതെന്നും ഏതെങ്കിലും നീക്കം നടത്താന്‍ പറ്റുമെങ്കില്‍ അത് ചെയ്യണമെന്നും മഞ്ജു വാര്യര്‍ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് മധു കേന്ദ്രസഹമന്ത്രി വി. മുരളീധരനുമായി സംസാരിക്കുകയും എത്രയും പെട്ടെന്ന് സഹായം എത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞതായും കുടുംബം പ്രതികരിച്ചു.

വാര്‍ത്താവിനിമയം സാധ്യമാകാത്ത അവസ്ഥയാണ് ഉള്ളത്. മണാലിയിലേക്കുള്ള ദേശീയ പാത ഒലിച്ചുപോയിട്ടുണ്ട്. പലയിടങ്ങളിലും ഒലിച്ചുപോയ റോഡ് പുനിര്‍നിര്‍മിച്ചും മറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സൈന്യമുള്‍പ്പെടെയുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വിഷയം ഹിമാചല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് പ്രതികിച്ചത്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പേമാരിയും മണ്ണിടിച്ചിലും തുടരുകയാണ്. മഴക്കെടുതികളില്‍ ഷിംലയില്‍ 18 പേര്‍ കൊല്ലപ്പെട്ടു.

ഉത്തരാഖണ്ഡില്‍ എട്ടോളം ആളുകളെ കാണ്മാനില്ല. എട്ടുപേര്‍ ഷിംലയിലും കുളു, സിര്‍മോര്‍, സോളന്‍, ചംബ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ഉനയിലും സ്പിതിയിലും ഓരോരുത്തരും വീതവുമാണ് മരിച്ചത്.