malayalam movie
ഞാൻ സിനിമയിലുണ്ടെന്ന് അറിഞ്ഞപ്പോൾ മൂന്ന്-നാല് തവണ ആ നടൻ ഒഴിഞ്ഞുമാറിയിട്ടുണ്ട്: മഞ്ജു പിള്ള
ടെലിവിഷൻ പരമ്പരകളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് മഞ്ജു പിള്ള. ഒരു ഇടവേളയ്ക്ക് ശേഷം, റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്.
ഇതിനു പിന്നാലെ പുറത്തിറങ്ങിയ ഫാലിമി എന്ന ചിത്രത്തിലെ അമ്മ വേഷവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. തന്റേതായ അഭിനയശൈലിയിലൂടെ മലയാള സിനിമയിലെ മുൻനിര ക്യാരക്ടർ ആർട്ടിസ്റ്റുകളിലേക്ക് ഉയരാൻ മഞ്ജു പിള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ ലർക്ക് ആണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിതാ സിനിമാ മേഖലയിൽ താൻ നേരിടേണ്ടി വന്ന മാറ്റിനിർത്തലുകളെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. വൺ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

മഞ്ജു പിള്ള. Photo. Screen grab/ Youtube
മഞ്ജു പിള്ള എന്ന നടിക്ക് സിനിമ മേഖലയിൽ നിന്നും മനഃപൂർവ്വമായ മാറ്റിനിർത്തലുകൾ നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മനസുതുറക്കുകയാണ് നടി.
‘ഞാൻ വേണ്ടെന്നുവെച്ച സിനിമകളുണ്ട്. എന്നാൽ എന്നെ മാറ്റിനിർത്തിയ സിനിമകളുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ ഞാൻ കേട്ട ഒരു കാര്യമാണ് എന്തെന്ന് വച്ചാൽ, പല സ്ഥലത്തും എന്റെ പേര് പറഞ്ഞതുകൊണ്ട് മാത്രം ഒരു പ്രൊഡക്ഷൻ കമ്പനി സിനിമ വേണ്ടെന്നുവെച്ചിട്ടുണ്ട് എന്നാണ്. അത് ഞാൻ അറിഞ്ഞതാണ്, സത്യാവസ്ഥ അറിയില്ല. നമുക്ക് വ്യക്തമായി അറിയാത്ത കാര്യം പറയാൻ പാടില്ലല്ലോ. ന്യായം ആരുടെ ഭാഗത്താണെന്ന് പറയാൻ പറ്റാത്തതുകൊണ്ട് ആ കാര്യത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയില്ല,’ നടി പറഞ്ഞു.
ഇതിനു പുറമെ ഒരു പ്രമുഖ നടൻ തന്റെ കൂടെ അഭിനയിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ സംഭവത്തെക്കുറിച്ചും മഞ്ജു പിള്ള വെളിപ്പെടുത്തി.
‘ഒരു ആർട്ടിസ്റ്റിന്റെ കൂടെ ഞാൻ ആണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറിയതായി കേട്ടിട്ടുണ്ട്. അതും ഒരു തവണയല്ല, മൂന്ന് നാല് തവണ അങ്ങനെ സംഭവിച്ചു. നേരിട്ട് പറ്റില്ല എന്ന് പറയില്ല, പകരം ചെയ്യാം എന്ന് പറയുകയും പിന്നീട് നൈസ് ആയിട്ട് സമയമില്ല, തിരക്കഥ ഒന്നുകൂടി തിരുത്തിയിട്ട് വരൂ എന്നൊക്കെ പറഞ്ഞ് ഒഴിവാകുകയുമാണ് ചെയ്യാറുള്ളത്,’ നടി പറഞ്ഞു.
ആ വ്യക്തി സിനിമാ മേഖലയിലേക്ക് എങ്ങനെ വന്നതാണ് എന്ന കാര്യങ്ങളൊക്കെ അറിയാവുന്നത് കൊണ്ട് തന്നെ തുടക്കത്തിൽ അത് വിഷമമായി തോന്നിയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
‘തുടക്കത്തിൽ ഇതൊക്കെ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടായിരുന്നു. കാരണം ആ ആക്ടർ എങ്ങനെയാണ് ഈ മേഖലയിലേക്ക് വന്നതെന്ന് എനിക്ക് അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇതൊക്കെ കേട്ടപ്പോൾ ഇവൻ എന്ത് കണ്ടിട്ടാണ് ഇങ്ങനെ കാണിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് എനിക്കത് സാധാരണയായി തോന്നി. കാരണം പുള്ളിയില്ലെങ്കിൽ അതിലും വലിയ ആക്ടർമാർ അപ്പുറത്തുണ്ട്, അവരുടെ കൂടെ അഭിനയിക്കാം. ആ വ്യക്തിയോട് എനിക്ക് യാതൊരു വൈരാഗ്യവുമില്ല. ഒരുപക്ഷേ ഞാൻ ഒരു നായികയുടെ കാറ്റഗറിയിൽ പെടാത്തതുകൊണ്ടാകാം, അധികവും പ്രായമേറിയ കഥാപാത്രങ്ങളും ക്യാരക്ടർ റോളുകളുമല്ലേ ഞാൻ ചെയ്യാറുള്ളത്, അതുകൊണ്ടാവും.
ഇന്നും ആ വ്യക്തി അഭിനയരംഗത്ത് സജീവമാണ്. കണ്ടാൽ സംസാരിക്കാറുണ്ട്. കാരണം, കർമയിൽ വിശ്വസിക്കുന്ന ഒരാളാണ് താനെന്നും മഞ്ജു പിള്ള പറയുന്നു.
‘ആ ആർട്ടിസ്റ്റ് ഇപ്പോഴും അഭിനയരംഗത്ത് സജീവമായിട്ടുണ്ട്, എനിക്ക് അറിയാവുന്ന ആളുമാണ്. കണ്ടാൽ ചിരിക്കുകയും സംസാരിക്കാറുമുണ്ട്. എനിക്ക് ഈ കാര്യം അറിയാം എന്ന് ഞാൻ ഭാവിക്കാറുമില്ല. കാരണം ഇതിനൊന്നും തീരുമാനം ഉണ്ടാക്കേണ്ടത് ഞാനല്ല. കർമ്മ എന്ന് പറയുന്ന ഒന്നിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ,’ മഞ്ജു പിള്ള കൂട്ടിച്ചേർത്തു.

മഞ്ജു പിള്ള. Photo. Facebook
Content Highlight: Manju Pillai revealed that an actor intentionally avoided working with her by stepping away from project
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം