ഒട്ടനവധി പരാജയ ചിത്രങ്ങള്‍ക്ക് പിന്നാലെ വലിയ ഒരു വിജയവുമായി നിവിന്‍ പോളി കളം നിറഞ്ഞ ചിത്രമായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ. അജു വര്‍ഗീസ്-നിവിന്‍ പോളി കോമ്പിനേഷനൊപ്പം പുതുമുഖമായ റിയ ഷിബുവും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയതോടെ ഹെറര്‍ കോമഡി ഴോണറിലെത്തിയ ഫീല്‍ ഗുഡ് ചിത്രം 150 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന് മോഹന്‍ലാലുമായി അഭിനയരീതിയിലുള്ള സാമ്യവും അതോടൊപ്പം തിയേറ്ററുകളില്‍ ആളെ കയറ്റാനുള്ള കഴിവും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഷോട്ടില്‍ മോഹന്‍ലാലിനെ പോലെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് നിവിനെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനടക്കം പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ നിവിനെയും അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രം സര്‍വ്വം മായയെയും കുറിച്ച് നടന്‍ മണിയന്‍പിള്ള രാജു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിവിന്‍ നായകനാകുന്ന പുതിയ ചിത്രം പ്രതിഛായയുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘മോഹന്‍ലാലിനെ കുറിച്ച് കംപാരിസണില്ല അതവിടെ കിടക്കട്ടെ. പക്ഷേ സര്‍വ്വം മായ പഴയകാലത്താണ് എടുക്കുന്നതെങ്കില്‍ നിവിന്റെ റോള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ മാത്രമേയുള്ളൂ. നിലവില്‍ മോഹന്‍ലാലിന്റെ പ്രായത്തിന് യോജിക്കാത്തതുകൊണ്ടാണ് നിവിനെ റോളിലേക്ക് കാസ്റ്റ് ചെയ്തിരിക്കുന്നത്. നിവിന് റോളിനോട് നൂറുശതമാനം നീതി പുലര്‍ത്തി. പ്രതിഛായയുടെ ഷൂട്ടിനിടയില്‍ തിരുവന്തപുരത്ത് വെച്ച് ഈ പടം സൂപ്പര്‍ഹിറ്റാവുമെന്ന് ഞാന്‍ നിവിനോട് പറഞ്ഞിരുന്നു.
നിവിന്‍ പോളി ആദ്യത്തേതില്‍ നിന്നും ഒരുപാട് മാറി നല്ല ആക്ടറായി ഒരുപാട് വളര്‍ന്നിട്ടുണ്ട്. പ്രതിഛായയില്‍ തന്നെ അദ്ദേഹം വളരെ പക്വതയുള്ള അഭിനയമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകനെന്ന നിലയില്‍ വളരെ വ്യത്യസ്തമായിട്ട് ചെയ്യേണ്ട റോളാണ് ചിത്രത്തില്‍. മോഹന്‍ലാല്‍ ചെയ്യുന്ന പോലെ ഷോട്ടില്‍ താനെ വന്നുപോകുകയാണ്. ചിത്രത്തില്‍ എല്ലാ അഭിനേതാക്കളെയും സംവിധായകന്‍ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്,’മണിയന്‍പിള്ള രാജു പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.