16 വർഷത്തെ കാത്തിരിപ്പിന് അവസാനം; റൊണാൾഡോക്ക് ശേഷം ചരിത്രമെഴുതി ബ്രൂണോ ഫെർണാണ്ടസ്
Football
16 വർഷത്തെ കാത്തിരിപ്പിന് അവസാനം; റൊണാൾഡോക്ക് ശേഷം ചരിത്രമെഴുതി ബ്രൂണോ ഫെർണാണ്ടസ്
സുദേവ് എ
Wednesday, 26th August 2026, 9:19 am

2025-26 സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പി.എഫ്.എ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ്. ഇംഗ്ലണ്ടിലെ സഹ പ്രൊഫഷണൽ താരങ്ങൾ വോട്ട് ചെയ്ത പി.എഫ്.എ വാർഷിക ചടങ്ങിലാണ് മഞ്ചസ്റ്റർ യുണൈറ്റഡ് നായകനെ തേടി ഈ നേട്ടമെത്തിയത്.

നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെ തേടി ഈ അഭിമാന നേട്ടം എത്തുന്നത്. അവസാനമായി 2010ൽ ഇംഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണിയായിരുന്നു പി.എഫ്.എ പ്ലയെർ ഓഫ് ദി ഇയർ അവാർഡ് കൈപ്പിടിയിലാക്കിയിരുന്നത്. ഇപ്പോൾ ഈ അവാർഡിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 16 വർഷത്തെ കാത്തിരിപ്പും ബ്രൂണോ അവസാനിപ്പിച്ചിരിക്കുകയാണ്.

ഇതിന് പുറമേ മറ്റൊരു ചരിത്ര നേട്ടവും ബ്രൂണോ തന്റെ പേരിലാക്കി മാറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പി.എഫ്.എ പ്ലയെർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ പോർച്ചുഗീസ് താരമാവാനും ബ്രൂണോ ഫെർണാണ്ടസിന് സാധിച്ചു.

ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച പോർച്ചുഗീസ് താരം. രണ്ട് തവണയാണ് റൊണാൾഡോ പി.എഫ്.എ പ്ലയെർ ഓഫ് ദി ഇയർ അവാർഡ് അക്കൗണ്ടിൽ എത്തിച്ചത്. 2006-07, 2007-08 എന്നീ സീസണുകളിൽ ആയിരുന്നു റൊണാൾഡോയുടെ നേട്ടം.

കഴിഞ്ഞ മിന്നും പ്രകടനമായിരുന്നു ബ്രൂണോ ഫെർണാണ്ടസ് നടത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡുമായാണ് പോർച്ചുഗീസ് മിഡ്ഫീൽഡർ തന്റെ സീസൺ അവസാനിപ്പിച്ചത്. 21 തവണയായിരുന്നു ബ്രൂണോ തന്റെ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്.

ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി, മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കെവിൻ ഡി ബ്രൂയ്ൻ എന്നീ വമ്പൻ താരങ്ങളെ മറികടന്നു കൊണ്ടായിരുന്നു പോർച്ചുഗീസ് താരത്തിന്റെ കുതിപ്പ്. 20 അസിസ്റ്റുകൾ ഇരുവരും ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ സ്വന്തമാക്കിയത്.

അസിസ്റ്റുകൾക്ക് പുറമേ ഗോളടിയിലും താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഒമ്പത് ഗോളുകളാണ് കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ എതിരാളികളുടെ വലയിൽ എത്തിച്ചത്.

പി.എഫ്.എ പ്ലയെർ ഓഫ് ദി ഇയർ അവാർഡിന് പുറമേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ, ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷൻ അവാർഡ് എന്നീ നേട്ടങ്ങളും പോർച്ചുഗീസ് മിഡ്ഫീൽഡർ സ്വന്തമാക്കി. ഈ സീസണിലും മഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ബ്രൂണോയുടെ മായാജാലങ്ങൾ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Manchester United captain Bruno Fernandes has won the PFA Player of the Year award for the best player of the 2025-26 season

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.