കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന സ്റ്റാര്‍ സ്റ്റഡ്ഡഡ് മത്സരത്തില്‍ ലില്ലെയെ തോല്‍പിച്ച് പി.എസ്.ജി പോയിന്റ് പട്ടികയുടെ മുകളില്‍ തന്നെ സ്ഥാനം നിലനിര്‍ത്തിയിരുന്നു. ഒന്നിനെതിരെ ഏഴ് ഗോളുമായിട്ടായിരുന്നു ഫ്രഞ്ച് വമ്പന്‍മാരുടെ അഴിഞ്ഞാട്ടം.

പി.എസ്.ജിയുടെ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ടീമിനായി വലകുലുക്കിയപ്പോള്‍ ലില്ലെ തകര്‍ന്നടിഞ്ഞു. ഹാട്രിക്കുമായി എംബാപ്പെയും ഡബിളുമായി നെയ്മറും തകര്‍ത്തടിച്ചപ്പോള്‍ മെസിയും ഹക്കീമിയും ബാക്കിയുള്ള ഗോളും വലയിലാക്കി.

മത്സരത്തിന്റെ ആദ്യ മിനിട്ടില്‍ തന്നെ പി.എസ്.ജി എതിരാളികളെ ഞെട്ടിച്ചിരുന്നു. മെസിയുടെ സൂപ്പര്‍ അസിസ്റ്റിലൂടെ എംബാപ്പെ ലില്ലെ വലകുലുക്കിയപ്പോള്‍ ഒന്നാം മിനിട്ടില്‍ തന്നെ ഗോള്‍ പിറന്നു. മെസിയുടെ കരിയറിലെ വേഗതയേറിയ അസിസ്റ്റായിരുന്നു അത്.

ആദ്യ ഗോളിന് വഴിയൊരുക്കിയതിന് പിന്നാലെ ടീമിന്റെ രണ്ടാം ഗോള്‍ വലയിലെത്തിച്ചത് മെസിയായിരുന്നു. താന്‍ പിഎസ്.ജിയില്‍ സെറ്റിലാവുന്നതിന്റെ സൂചനയായിരുന്നു താരം നല്‍കിക്കൊണ്ടിരുന്നത്.

മത്സരത്തിലെ വിജയത്തിന് പിന്നാലെ മെസിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അര്‍ജന്റീനയില്‍ മെസിയുടെ സഹതാരവും മാഞ്ചസ്റ്റര്‍ സിറ്റി ലെജന്‍ഡുമായ സെര്‍ജിയോ അഗ്യൂറോ.

മത്സരത്തിന് ശേഷം മെസി പങ്കുവെച്ച പോസ്റ്റിന് കീഴെയായിരുന്നു അഗ്യൂറോയുടെ പുകഴ്ത്തല്‍.

‘മികച്ച പ്രകടനം, ലയണല്‍ അന്ദ്രേസ് മെസി ജീ’ (Nice one Lionel Andrés Mssi jeee) എന്നായിരുന്നു അഗ്യൂറോയുടെ കമന്റ്.