എം.ടിയുടെ ആന്തോളജി സിനിമയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘കഡുഗണ്ണാവ ഒരു യാത്രകുറിപ്പി’ല്‍ അഭിനയിക്കാന്‍ മമ്മൂട്ടി ശ്രീലങ്കയില്‍ പോയതിന്റെ വിശേഷങ്ങള്‍ ഗൃഹലക്ഷ്മിയിലൂടെ പങ്കുവെക്കുകയാണ് മാതൃഭൂമി ജനറല്‍ മനേജര്‍ കെ.ആര്‍ പ്രമോദ്. ആ യാത്രയില്‍ ഉടനീളം പ്രമോദും മമ്മൂട്ടിയോടൊപ്പം പങ്കുചേര്‍ന്നിരുന്നു.

ലങ്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ അവിടുത്തെ പ്രമുഖ റെസ്റ്റോറന്റുകളുടെ ലിസ്റ്റ് മമ്മൂക്കക്ക് നല്‍കിയിരുന്നു എന്നാണ് പ്രമോദ് തന്റെ എഴുത്തിലൂടെ പങ്കുവെച്ചത്. മിനിസ്ട്രി ഓഫ് ക്രാബും സിനമണും ഒക്കെ ആ ലിസ്റ്റില്‍ ഉണ്ടായിരുന്നുവെന്നും അതില്‍ നിന്നും മിനിസ്ട്രി ഓഫ് ക്രാബാണ് മമ്മൂട്ടി തെരഞ്ഞെടുത്തതെന്നും പ്രമോദ് പറഞ്ഞു.

യാത്രക്കിടെ മമ്മൂട്ടി ദുല്‍ഖറിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. പണ്ടൊക്കെ യാത്ര ചെയ്യുമ്പോള്‍ ദുല്‍ഖര്‍ തന്റെ കൈപിടിച്ചാണ് നടന്നിരുന്നതെന്നും എന്നാല്‍ ഇന്ന് തനിക്ക് സ്ഥലങ്ങള്‍ സജസ്റ്റ് ചെയ്യുന്നത് അവനാണെന്നും മമ്മൂട്ടി പറഞ്ഞു. കുടുംബവുമായി കഴിഞ്ഞ തവണ ലണ്ടനില്‍ വന്നതിനെ കുറിച്ചും ആ യാത്ര മുഴുവന്‍ കൈകാര്യം ചെയ്തത് ദുല്‍ഖറാണെന്നും മമ്മൂട്ടി യാത്രക്കിടെ പ്രമോദിനോട് പറഞ്ഞു.

‘പണ്ടൊക്കെ യാത്ര ചെയ്യുമ്പോള്‍ എന്റെ കൈപിടിച്ചായിരുന്നു അവന്‍ നടക്കല്‍. ഇപ്പോള്‍ എനിക്ക് സ്ഥലങ്ങള്‍ സജസ്റ്റ് ചെയ്യുന്നത് അവനാണ്. കഴിഞ്ഞ തവണ ലണ്ടനില്‍ കുടുംബവുമായി പോയിരുന്നു. അന്ന് മൊത്തം യാത്രയും കൈകാര്യം ചെയ്തത് അവനായിരുന്നു. എല്ലായിടത്തും അവന് കൂട്ടുകാരുണ്ട്,’ മമ്മൂട്ടി പറഞ്ഞു.

ആ സംസാരങ്ങളില്‍ മകന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന അച്ഛനെ കാണാമായിരുന്നു എന്നാണ് എഴുത്തുകാരന്‍ പറയുന്നത്. യാത്രക്കിടെ അദ്ദേഹം ഭാര്യ സുല്‍ഫത്തിനെ വിളിക്കുകയും ഉമ്മയുടെ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും തിരക്കുകയും ചെയ്യുമെന്ന് പ്രമോദ് തന്റെ എഴുത്തിലൂടെ പറയുന്നു.

അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമ. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനില്‍ ഒരുങ്ങിയ സിനിമ ജനുവരി 19നാണ് റിലീസ് ചെയ്യുന്നത്. തിയേറ്ററിലെത്തുന്നതിന് മുമ്പ് സിനിമ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

content highlight: mammootty talks about dulquer salman