നൂറ് കോടിക്കായുള്ള കാത്തിരിപ്പ് തുടരും... പ്രതീക്ഷയുണ്ടായിരുന്ന പേട്രിയറ്റിനെയും ബോക്‌സ് ഓഫീസ് കൈവിട്ടു
Malayalam Cinema
നൂറ് കോടിക്കായുള്ള കാത്തിരിപ്പ് തുടരും... പ്രതീക്ഷയുണ്ടായിരുന്ന പേട്രിയറ്റിനെയും ബോക്‌സ് ഓഫീസ് കൈവിട്ടു
അമര്‍നാഥ് എം.
Saturday, 16th May 2026, 5:30 pm

കളക്ഷന്‍ റെക്കോഡുകള്‍ കൊണ്ട് ഒരോ നടന്മാരുടെയും സ്റ്റാര്‍ഡം അളക്കുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയയില്‍ കോടി ക്ലബ്ബുകളുടെയും കളക്ഷന്‍ റെക്കോഡുകളുടെയും പേരിലാണ് ഫാന്‍സ് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംവാദങ്ങള്‍. ഈ ചര്‍ച്ചയില്‍ പലപ്പോഴായി ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് മമ്മൂട്ടിയുടേത്. ഓരോ സിനിമയിലും തന്നിലെ നടനെ തേച്ചുമിനുക്കുന്ന മമ്മൂട്ടിക്ക് 100 കോടി ചിത്രമില്ലെന്നാണ് പലരും വിമര്‍ശിക്കുന്നത്.

വലിയ ഹൈപ്പിലും അവകാശവാദങ്ങളുമായി വരുന്ന പല സിനിമകളും ബോക്‌സ് ഓഫീസില്‍ ഈയൊരു നേട്ടം സ്വന്തമാക്കാതെ പോവുകയായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പേട്രിയറ്റിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്‍ഡസ്ട്രി ഹിറ്റാകുമെന്ന് കരുതിയ ചിത്രം ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ കളംവിടാനൊരുങ്ങുകയാണ്.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും 80 കോടി നേടാന്‍ പാടുപെടുകയാണ് പേട്രിയറ്റ്. 120 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം നിര്‍മാതാവിന് നഷ്ടം സമ്മാനിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിലൂടെ മമ്മൂട്ടി കരിയറിലെ ആദ്യ 100 കോടി നേടുമെന്നാണ് പലരും കരുതിയത്.

എന്നാല്‍ ഇരുവരും ഒന്നിക്കുന്ന ആക്ഷന്‍ സിനിമ പ്രതീക്ഷിച്ച് പോയവര്‍ക്ക് നിരാശയായിരുന്നു ഫലം. സ്റ്റാര്‍ഡത്തിന് അപ്പുറം കണ്ടന്റിന് പ്രാധാന്യം നല്‍കുന്ന പേട്രിയറ്റ് പലര്‍ക്കും ദഹിക്കാതെ പോയി. പലയിടത്തും വാഷൗട്ടിന്റെ വക്കിലാണ് പേട്രിയറ്റ്. ബാറോസ്, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 100 കോടി ബജറ്റിലൊരുങ്ങിയ പേട്രിയറ്റ് മോളിവുഡിലെ വലിയ നഷ്ടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, നസ്‌ലെന്‍. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് എന്നിവരെല്ലാം ഇടംപിടിച്ച 100 കോടി ക്ലബ്ബില്‍ ഇതുവരെ സ്ഥാനം ലഭിക്കാത്തത് മമ്മൂട്ടിക്ക് മാത്രമാണ്. പേട്രിയറ്റും കൈവിട്ടതോടെ 100 കോടിക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. ഖാലിദ് റഹ്‌മാന്‍ അണിയിച്ചൊരുക്കുന്ന മട്ടാഞ്ചേരി മാഫിയയാണ് ഇനി ഈ ക്ലബ്ബില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള ചിത്രം.

എന്നാല്‍ 100 കോടി ക്ലബ്ബില്‍ സിനിമകളില്ലെങ്കിലും മമ്മൂട്ടി അടുത്തകാലത്ത് ചെയ്ത സിനിമകളെല്ലാം മിനിമം കളക്ഷന്‍ മെയിന്റെയ്ന്‍ ചെയ്യാറുണ്ട്. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ്, കളങ്കാവല്‍, ടര്‍ബോ തുടങ്ങിയ ചിത്രങ്ങളെല്ലാം 80 കോടിയോളം നേടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും കണ്‍സിസ്റ്റന്‍സി ഉണ്ടായിട്ട് കൂടി 100 കോടി ഇപ്പോഴും മമ്മൂട്ടിക്ക് കൈയെത്തും ദൂരത്താണ്. അധികം വൈകാതെ താരം ഈ നേട്ടം സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

Content Highlight: Mammootty’s wait for 100 crore club will longer after the failure of Patriot movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം