മലയാള സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അൻവർ റഷീദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ഈ ചിത്രം 2005-ൽ തിയറ്ററുകളിലെത്തി വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
‘ബെല്ലാരി രാജ’ എന്ന കഥാപാത്രമായി മമ്മൂട്ടി നടത്തിയ പ്രകടനം ഇന്നും മലയാളികൾ കൾട്ട് സ്റ്റാറ്റസോടെ ഓർക്കുന്നതാണ്. ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രത്തിലൂടെ അൻവർ റഷീദ് എന്ന സംവിധായകനെയും മലയാള സിനിമയ്ക്ക് ലഭിച്ചു.
തിരുവനന്തപുരം ശൈലിയിലുള്ള സംസാരശൈലിയായിരുന്നു മറ്റൊരു പ്രധാന സവിശേഷത. ചിത്രത്തിലെ ഡയലോഗുകൾ ഇന്നും ട്രോളുകളായും നിത്യ ജീവിതത്തിലും മലയാളി പ്രേക്ഷർ ഉപയോഗിക്കുന്ന ഒന്നുകൂടിയാണ്.
സിനിമയിലെ നിരവധി രംഗങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തെങ്കിലും, ജനക്കൂട്ടത്തിനിടയിലൂടെ നടന്നു വരുന്ന ബെല്ലാരി രാജയെ ഒരു കൊച്ചു കുട്ടി തൊടുന്ന രംഗം ഇന്നും പ്രത്യേകമായി ഓർക്കപ്പെടുന്ന ഒന്നാണ്.
സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന ആ സ്വാഭാവിക നിമിഷത്തിൽ, കുട്ടിയെ തലോടി സ്നേഹം പ്രകടിപ്പിക്കുന്ന ബെല്ലാരി രാജയുടെ ദൃശ്യത്തിന് വലിയ കൈയടി ലഭിച്ചിരുന്നു. പരുക്കനായ ഒരു കഥാപാത്രത്തിന്റെ ഉള്ളിലെ വാത്സല്യം പുറത്തുകൊണ്ടുവന്ന ആ രംഗം ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.
ഇപ്പോൾ അതേ ഓർമകൾ ഉണർത്തുന്ന മറ്റൊരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു പൊതുപരിപാടിക്ക് ശേഷം നടന്നു വരുന്നതിനിടെ, ഒരു ചെറിയ കുട്ടിയെ സ്നേഹത്തോടെ തലോടി മുന്നോട്ട് പോകുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അന്ന് ബെല്ലാരി രാജ… ഇന്ന് മമ്മൂക്ക തന്നെ, ആള് പരുക്കനാണെങ്കിലും ഉള്ളിൽ നിറഞ്ഞ വാത്സല്യമാണ്, മമ്മൂക്കയ്ക്ക് കുട്ടികളോട് പ്രത്യേക സ്നേഹമാണ് തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.