40കാരനായ നായകനോട് 20കാരിയായ നായികക്ക് തോന്നുന്ന പ്രണയമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ കഥ. ഒന്ന് പാളിയാല്‍ വലിയ ട്രോള്‍ മെറ്റീരിയലായേക്കാവുന്ന കഥ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിലെല്ലാം സൂര്യ- മമിത കെമിസ്ട്രി തന്നെയാണ് സംസാരവിഷയം.
മമിത Photo: Screen grab/ Sithara Entertainments
സൂര്യയുടെ ആരാധികയാണ് താനെന്ന് മമിത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന പ്രീ റിലീസ് ഇവന്റിലും താരം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ, സൂര്യയോടുള്ള ആരാധന എപ്പോള്‍ ആരംഭിച്ചെന്ന് വെളിപ്പെടുത്തുകയാണ് താരം. ആദ്യമായി കണ്ട സൂര്യ ചിത്രത്തെക്കുറിച്ചും മമിത സംസാരിച്ചു.
‘ഞാന്‍ സൂര്യ സാറിനെ ആദ്യമായി കണ്ടത് സില്ലുന് ഒരു കാതല്‍ എന്ന പടത്തിലാണ്. അന്ന് ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു. എന്റെ ബ്രദര്‍ ഒരുപാട് തമിഴ് സിനിമയൊക്കെ കാണുമായിരുന്നു. പുള്ളിയാണ് എനിക്ക് ഈ പടം കാണിച്ചുതന്നത്. അന്നേ സൂര്യ സാറിനോട് ഒരിഷ്ടം തോന്നി. ആ സിനിമ അത്രക്ക് മനോഹരമായിരുന്നു. പിന്നീട് ഞാനും ചേട്ടനും എത്രതവണ ആ പടം കണ്ടിട്ടുണ്ടെന്ന് കയ്യും കണക്കുമില്ല,’ മമിത പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് എക്‌സ്പീരിയന്‍സും മമിത പങ്കുവെച്ചു. ഊട്ടിയില്‍ ചിത്രീകരിച്ച ഗാനത്തിന്റെ സമയത്ത് തനിക്കും സൂര്യക്കും 102 ഡിഗ്രി പനിയായിരുന്നെന്ന് താരം പറയുന്നു. എല്ലാദിവസവും ഈ പനിയും വെച്ചുകൊണ്ട് പ്രാക്ടീസും ഷൂട്ടും മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയെന്നും മമിത പറഞ്ഞു. ചിത്രത്തിന്റെ സ്‌പെഷ്യല്‍ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.
‘എനിക്കാണെങ്കില്‍ ആ സമയത്ത് ആസ്ത്മയുടെ കുഴപ്പവുമുണ്ടായിരുന്നു. പനിയും ആസ്ത്മയുമായപ്പോള്‍ വല്ലാതെ ബുദ്ധിമുട്ടി. പ്രാക്ടീസ് ചെയ്ത് നേരെ ക്ലിനിക്കില്‍ പോയി നെബുലൈസര്‍ യൂസ് ചെയ്ത് ഓക്കെയാക്കി പിന്നീട് തിരിച്ചുവന്നിട്ടാണ് ഷൂട്ട് ചെയ്തത്. എങ്ങനെ അത് ചെയ്‌തെന്ന് എനിക്ക് ഇപ്പോഴും അറിയില്ല,’ മമിത പറഞ്ഞു.
ലക്കി ഭാസ്‌കര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സഞ്ജയ് രാമസാമി എന്ന കോടീശ്വരനായി സൂര്യ വേഷമിടുമ്പോള്‍ മാഡി എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Mamitha saying she watched Sillunu oru Kadhal movie in fifth standard