ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ 2024ല്‍ തിയേറ്ററുകളിലെത്തി സൂപ്പര്‍ ഹിറ്റായി തീര്‍ന്ന ചിത്രമാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തു.

കേരളത്തിന് പുറമെ അന്യഭാഷകളിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ സൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന വാര്‍ത്ത ആരാധകരെ നിരാശരപ്പെടുത്തി. ഇതില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍ മമിത ബൈജു.

‘ പ്രേമലു 2 ഉണ്ടാകുമോ എന്ന് അറിയില്ല. ഞങ്ങള്‍ക്ക് ഒഫീഷ്യലിയൊന്നും വന്നിട്ടില്ല. സിനിമ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ ഞാനും കണ്ടിരുന്നു. എന്താണ് കാരണമെന്ന് അറിയില്ല. ഒഫീഷ്യലായിട്ട് ഒന്നും വരാത്തത് കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല,’ മമിതയുടെ വാക്കുകള്‍.

ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും തന്നെ സംവിധായകന്റെയോ നിര്‍മാതാക്കളുടെയോ ഭാഗത്ത് നിന്ന് ഇതുവരെയുമുണ്ടായിട്ടില്ല. എന്നാല്‍ പ്രേമലു 2 ഉപേക്ഷിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പല പ്രമുഖ സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്തത്. സിനിമ ഉപേക്ഷിച്ചതിന്റെ ശരിയായ കാരണം ഇനിയും വ്യക്തമല്ല. ചിത്രത്തിന്റെ തിരക്കഥ നടന്‍ നസ്ലെന് വര്‍ക്കായില്ല എന്ന അഭ്യൂഹങ്ങള്‍ ഒരു സമയത്ത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ദിലീഷ് പോത്തന്‍ അടുത്തിടെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലു വൈകുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് സംവിധായരുടെ ഭാഗത്ത് നിന്നോ മറ്റ് നിര്‍മാതക്കളുടെ ഭാഗത്ത് നിന്നോ യാതൊരു അപ്‌ഡേഷനുകളുമുണ്ടായില്ല.

അതേസമയം മമിത ബൈജുവും നിവിന്‍ പോളിയും പ്രധാനവേഷത്തിലെത്തുന്ന ഗിരീഷ് എ.ഡി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് ഓണം റിലീസായി തിയേറ്ററുകളിലെത്തും. ഫീല്‍ഡുഡ് ഫാമിലി എന്‍ര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേമലുവിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസാണ്.

Content Highlight: Mamita Baiju responds to Premalu 2 being dropped