Malayalam Cinema
എല്ലാവരും രാജപ്പൻ എന്ന് വിളിച്ചു കളിയാക്കിയിട്ടും പൃഥ്വിരാജ് തകർന്നിട്ടില്ല: മല്ലിക സുകുമാരൻ
സോഷ്യൽ മീഡിയ ട്രോളുകൾ സജീവമാകുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ അഭിമുഖങ്ങളിലെ അഭിപ്രായപ്രകടനങ്ങളുടെ പേരിലും മറ്റും അധിക്ഷേപങ്ങൾ നേരിടേണ്ടി വന്ന താരമാണ് പൃഥ്വിരാജ്. എന്നാൽ അത്തരം വിമർശനങ്ങളെ തരണം ചെയ്ത അദ്ദേഹം ഇന്ന് മലയാള സിനിമയിലെ തന്നെ മുൻനിര നടനും സംവിധായകനുമാണ്.
അന്നത്തെ ട്രോളുകളെയും കമന്റുകളെയും മകൻ നേരിട്ട രീതിയെക്കുറിച്ചും, ആ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് അവൻ കൈവരിച്ച വിജയത്തെക്കുറിച്ചും മനസ്തുറക്കുകയാണ് നടി മല്ലികാ സുകുമാരൻ. മൂവി വേൾഡ് ഓൺലൈൻ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മല്ലിക സുകുമാരൻ.Photo.screen grab/youtube
‘അവൻ തുടക്കകാലത്ത് ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. അവന്റെ അന്നത്തെ ഇന്റർവ്യൂകളൊക്കെ എടുത്തിട്ട്, പേര് മാറ്റി രാജപ്പൻ എന്നൊക്കെ വിളിച്ചിരുന്നു. പക്ഷേ അന്നൊന്നും തകർന്നുപോയ ഒരു പൃഥ്വിരാജിനെയല്ല കണ്ടത്. അവിടെയാണ് എന്റെയും സുകുവേട്ടന്റെയും മക്കൾ എന്ന് പറയുന്നതിന്റെ പ്രസക്തി.
ഞാൻ അവരോട് ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ, ഈ കളിയാക്കലുകൾ ഒക്കെ മൈൻഡ് ചെയ്യാതെ വിടുക. പുറത്തു പറഞ്ഞില്ലെങ്കിലും ഒരു കാലത്ത് ഇതൊന്നും ചെയ്യേണ്ടിയിരുന്നില്ല എന്ന് അവർക്ക് തന്നെ തോന്നും. ഒരു കാര്യം ചെയ്തിട്ട് അത് തെറ്റായിപ്പോയി എന്ന് തുറന്നുപറയാനുള്ള മനസ്സ് നൂറിൽ ഒരു 25 ശതമാനം ആളുകൾക്ക് പോലും കാണില്ല. പറഞ്ഞത് ശരിയാണെന്ന് വാദിക്കുന്നവരെക്കുറിച്ച് പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ.
അതുകൊണ്ട് ഞാൻ പറയുന്നത്, അവൻ അന്നും തളർന്നിട്ടില്ല. അവന് സ്വന്തമായി വിശ്വാസമുണ്ടായിരുന്നു. എന്ത് പറഞ്ഞാലും എന്റെ മക്കളുടെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. കാരണം ഞാൻ അവരെ അങ്ങനെയാണ് വളർത്തിയിട്ടുള്ളത്.
ഇന്ന് അവൻ രാജമൗലിയുടെ കൂടെ അടക്കം അന്യഭാഷകളിൽ വരെ സിനിമകൾ ചെയ്യുകയാണ്. അതിൽ തന്നെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നിവയിലൊക്കെ അവൻ തന്നെയാണ് ഡബ്ബ് ചെയ്യുന്നതും. കന്നഡ ഭാഷ വരെ അവനിപ്പോൾ അറിയാം. സാധാരണയായി അവൻ സ്ക്രിപ്റ്റ് തലേദിവസം തന്നെ കൊണ്ടുവരാൻ പറയും. എന്നിട്ട് ആ ഡയലോഗുകൾ റെക്കോർഡ് ചെയ്ത് കേട്ട് പഠിക്കും. കാര്യങ്ങൾ വളരെ പെട്ടെന്ന് ക്യാച്ച് ചെയ്യുന്ന കൂട്ടത്തിലാണ് പൃഥ്വി.
എന്റെ മക്കൾ ഓരോ വിജയം കൈവരിക്കുമ്പോഴും ഞാൻ ദൈവത്തോടും സുകുവേട്ടനോടുമൊക്കെ പ്രാർത്ഥിക്കാറുണ്ട്. അവരുടെ ആരോഗ്യവും, പ്രസൻസ് ഓഫ് മൈൻഡും, കഴിവും എല്ലാം കൂട്ടിക്കൊടുക്കണേ എന്ന്. എന്നാലല്ലേ ഇനിയും അവർക്ക് വളരാൻ സാധിക്കൂ. ഒരമ്മ എന്ന നിലയിൽ മക്കൾ എത്രത്തോളം വളരുന്നുവോ, അത്രത്തോളം സന്തോഷമാണ്,’ മല്ലികാ സുകുമാരൻ പറഞ്ഞു.

മല്ലിക സുകുമാരൻ. പൃഥ്വിരാജ്.Photo.Mid-Day
Content Highlight: Mallika Sukumaran opens up about how her son Prithviraj remained unshaken by early cyber-trolling
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം