പ്രേമം സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന നടിയാണ് മഡോണ സെബാസ്റ്റ്യന്‍. പല ഭാഷകളിലായി അഭിനയിച്ച മഡോണ തമിഴില്‍ വിജയ് സിനിമയായ ലിയോയിലും അഭിനയിച്ചിരുന്നു. ആ സിനിമയില്‍ ഒരു സര്‍പ്രൈസ് കഥാപാത്രമായിരുന്നു മഡോണ സെബാസ്റ്റ്യന്റേത്.

പ്രേമം മുതല്‍ ലിയോ വരെയുള്ള സിനിമകളിലെ തന്റെ അഭിനയത്തെ പറ്റി സംസാരിക്കുകയാണ് മഡോണ സെബാസ്റ്റ്യന്‍. ബിഹൈന്‍ഡ് വുഡ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘തുടര്‍ന്നും അഭിനയിക്കണമെന്ന് കരുതി സിനിമയിലേക്ക് വന്ന ആളല്ല ഞാന്‍. അഭിനയത്തിലേക്ക് എത്തിപെടുകയായിരുന്നു. പ്രേമം സിനിമ കഴിഞ്ഞ ശേഷം എനിക്ക് അഭിനയം ഒരുപാട് ഇഷ്ടമുള്ള കാര്യമായി. ഇതിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.

സത്യത്തില്‍ ആ പഠനമാണെന്ന് തോന്നുന്നു സിനിമയിലെ എന്റെ പ്രധാന ജേര്‍ണി. അതിന് ശേഷം പല ഭാഷകളിലായി കുറെ സിനിമകള്‍ ചെയ്തു. അതൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല. പ്രേമത്തില്‍ നിന്നും ലിയോ സിനിമയില്‍ എത്തി നില്‍ക്കുമ്പോള്‍ എനിക്ക് ഒരുപാട് മാറ്റങ്ങളുണ്ട്.

ലിയോയില്‍ എത്തുന്നത് കോ പ്രൊഡ്യൂസര്‍ ജഗദീഷ് വഴിയാണ്. ജഗദീഷിനെ എനിക്ക് കുറച്ച് വര്‍ഷങ്ങളായിട്ട് അറിയാം. ആദ്യമായാണ് സിനിമയില്‍ ഒരു ഫൈറ്റ് സീന്‍ ചെയ്തത്. അത് കണ്ട് ഒരുപാടുപേര്‍ വിളിച്ചിട്ടുണ്ട്. സത്യത്തില്‍ ഒരു സിനിമ കഴിഞ്ഞ് ഇത്രയും കോളുകള്‍ വരുന്നത് ആദ്യമായിട്ടാണ്. ലാല്‍ സാര്‍ വിളിച്ച് വളരെ ഹാപ്പിയായിട്ട് സംസാരിച്ചു. സാറിന് ഒരുപാട് സന്തോഷമായെന്ന് പറഞ്ഞു.

ഇനി ആക്ഷന്‍ മൂവീസ് വന്നാല്‍ ഉറപ്പായും ചെയ്യും. ഭയങ്കര രസമാണ് ആക്ഷന്‍ ചെയ്യാന്‍. ആക്ഷനാണ് കൂടുതല്‍ എളുപ്പമെന്നല്ല. ആക്ഷന്‍ ഭയങ്കര ത്രില്ലിങ്ങാണ്. പിന്നെ എനിക്ക് കുറച്ചു കൂടെ ട്രെയിനിങ് കിട്ടിയ ശേഷം ഫൈറ്റ് ചെയ്യണമെന്നുണ്ട്. അതില്‍ കുറച്ചു കൂടെ സമയമെടുത്ത് പഠിച്ച് ചെയ്യണമെന്നാണ്.

മലയാളത്തില്‍ കുറച്ച് സെലക്റ്റീവായാണ് സിനിമകളില്‍ അഭിനയിക്കുന്നത്. നല്ല സിനിമ വന്നാല്‍ മലയാളത്തില്‍ ഇനിയും ചെയ്യും. മലയാളത്തില്‍ നിന്നും ബ്രേക്ക് എടുത്തതൊന്നുമല്ല,’ മഡോണ പറഞ്ഞു.

Content Highlight: Madonna Sebastian Talks About Leo And Premam Movie