ജീവിതത്തിൽ ചില മനുഷ്യർക്ക് നമ്മൾ കൃത്യമായ ഇരകളായി മാറാറുണ്ട്: മഡോണ സെബാസ്റ്റ്യൻ
പ്രേമം എന്ന ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. കിംഗ് ലയർ, ഇബിലീസ് , വൈറസ്, ബ്രദേഴ്‌സ് ഡേ, പദ്മിനി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷാ സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം, തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെയും ബന്ധങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ്. ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരികയായിരുന്നു മഡോണ സെബാസ്റ്റ്യൻ.
ജീവിതത്തിൽ ചില മനുഷ്യർക്ക് നമ്മൾ കൃത്യമായി ഇരകൾ ആയി മാറുമെന്നും. ചില പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്ന മനുഷ്യരെ കണ്ടപ്പോഴാണ് യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചതെന്ന് നടി മഡോണ സെബാസ്റ്റ്യൻ പറയുന്നു.

മഡോണ സെബാസ്റ്റ്യൻ. Photo. Instagram
‘ജീവിതത്തിലെ ഒരു ഘട്ടത്തിൽ എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാത്ത ഒരു സമയം ഉണ്ടായിരുന്നു. ചില സമയങ്ങളിൽ ചില കൂട്ടർക്ക് നമ്മൾ കൃത്യമായ ഇരകളായി മാറാറുണ്ട്, പ്രത്യേകിച്ചും അനുകമ്പയും സഹതാപവും കൂടുതൽ ഉള്ളവർ. എനിക്ക് ആളുകളെ വെറുതെ കുറ്റം പറയുന്നത് ഇഷ്ടമല്ല. എന്റെ ജീവിതത്തിൽ ദൈവത്തോട് പ്രാർത്ഥിച്ചതുകൊണ്ട് ഞാൻ സ്വയം എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന് മനസിലാക്കിയിരുന്നു.
അതുപോലെ എന്റെ ജീവിതത്തിലേക്ക് ചില നല്ല മനുഷ്യർ കടന്നുവന്ന് ഞാൻ നിൽക്കുന്നത് ശരിയായ ഇടത്തല്ലെന്നും അവിടെനിന്ന് പുറത്തുകടക്കണമെന്നും പറഞ്ഞു മനസ്സിലാക്കി തന്നിട്ടുണ്ട്. അപ്പോഴാണ് ആരൊക്കെയാണ് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ എന്ന് ഞാൻ തിരിച്ചറിഞ്ഞത്,’ മഡോണ പറഞ്ഞു.
അമ്മയും താനും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണെങ്കിലും പരസ്പരമുള്ള ചിന്തകളെ മനസ്സിലാക്കി തുടങ്ങിയതോടെ തങ്ങൾക്കിടയിലെ ബന്ധം മാറിയെന്നും അത് ജീവിതത്തെ ബാലൻസ് ചെയ്യാൻ സഹായിച്ചുവെന്നും മഡോണ വ്യക്തമാക്കുന്നു.
‘ജീവിതത്തിൽ സംഭവിച്ച മറ്റൊരു വലിയ മാറ്റം അമ്മയുമായുള്ള എന്റെ ബന്ധമാണ്. സ്നേഹം നമ്മെ രക്ഷപ്പെടുത്തുന്ന ഒരു ഘട്ടമുണ്ട്, അങ്ങനെയൊരു സമയത്തായിരുന്നു എന്നിൽ മാറ്റങ്ങൾ സംഭവിച്ചത്. ഉദാഹരണത്തിന് ഞാനും അമ്മയും വളരെ വ്യത്യസ്തരായ രണ്ടുപേരാണ്. എന്നാൽ ജീവിതത്തിലെ ഒരു ഘട്ടത്തിൽ അമ്മയുടെ ചിന്തകളെയും സ്നേഹിക്കാൻ തുടങ്ങുന്നതിൽ ഒരു ഭംഗിയുണ്ടെന്ന് മനസ്സിലാക്കി.
പിന്നീട് ഞാൻ കാര്യങ്ങളെ സമീപിക്കുന്ന രീതി ഒന്ന് മാറ്റാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് പരസ്പരം കാര്യങ്ങൾ എങ്ങനെ ബാലൻസ് ചെയ്യാം എന്ന് മനസിലായത്. എന്റെ ഇരുപത്തിയഞ്ചാം വയസ്സിന് ശേഷമേ ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ സംഭവിക്കും എന്ന് പണ്ടേ അമ്മ പ്രവചിച്ചിട്ടുമുണ്ടായിരുന്നു. അത് നടക്കുകയും ചെയ്തു,’ മഡോണ പറഞ്ഞു.
തന്റെ പതിനേഴാം വയസ്സിൽ അനിയത്തി ജനിച്ചപ്പോൾ തന്നെപ്പോലെ ചിന്തിക്കുന്ന മറ്റൊരാൾ കൂടി ജീവിതത്തിലേക്ക് വരുന്നത് മികച്ചൊരു അനുഭവമായിരുന്നുവെന്നും മഡോണ ഓർത്തെടുക്കുന്നു.
‘അനിയത്തി ജനിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. കാരണം നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാൾ കൂടി വരികയല്ലേ ഒറ്റക്കുട്ടിയായിരുന്ന സമയത്ത് എന്റെ മൈൻഡ് വർക്ക് ചെയ്യുന്നതിൽ എന്തോ പ്രശ്നമുണ്ടോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു. എനിക്ക് അന്ന് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ഉണ്ടായിരുന്നു.
ഞാൻ പൊതുവെ ശാന്തയായ ആളാണ്, പക്ഷേ അടുപ്പമുള്ളവരോട് ഒരുപാട് സംസാരിക്കും. എനിക്ക് മഴ കണ്ടാൽ നനയാൻ ഇഷ്ടമാണ് അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ഇതെല്ലാം ഇഷ്ടപ്പെടുന്ന, എന്നെപ്പോലെയുള്ള വേറൊരാൾ കൂടി വരുമെന്ന് കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നിയിരുന്നു,’ മഡോണ ഓർത്തെടുത്തു.

മഡോണ സെബാസ്റ്റ്യൻ. Photo. Facebook
Content Highlight: Madonna Sebastian talks about her life experiences and relationships