പ്രേമം എന്ന ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. കിംഗ് ലയർ, ഇബിലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, പദ്മിനി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷാ സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം, ജീവിതപങ്കാളിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ്. ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരികയായിരുന്നു മഡോണ
ആഗ്രഹങ്ങളിലും ആവശ്യങ്ങളിലും വ്യത്യാസമുള്ള പുരുഷനെയും സ്ത്രീയെയും ഒന്നിച്ചു കൊണ്ടുവരുമ്പോഴാണ് ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത് പറയുകയാണ് മഡോണ.
‘ഒരു സ്ത്രീ എന്ന നിലയിൽ ഈ ചോദ്യത്തിന് ഉത്തരം കിട്ടിയാൽ കൊള്ളാമെന്ന് ഞാൻ കരുതാറുണ്ട്. അതായത്, ഒരു റിലേഷൻഷിപ്പ് ഉണ്ടാവുമ്പോൾ അവിടെ നമ്മൾ ആരെയാണ് ഒന്നിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, ഒരു സ്ത്രീ എന്ന രീതിയിൽ എന്നെത്തന്നെ ആഴത്തിൽ സ്നേഹിക്കാനാണ് എനിക്ക് ഇഷ്ടം. എനിക്ക് ഒരാളെ മാത്രം പ്രണയിച്ചാൽ മതി. പിന്നെ എനിക്കൊരു സേഫ് സ്‌പേസ് വേണം.
എന്നാൽ ഭൂരിഭാഗം വരുന്ന പുരുഷന്മാർക്ക് വേണ്ടത് വൈഡ് വെറൈറ്റി ആണ്, അവർക്ക് പ്രണയത്തിൽ അത്രയും ആഴം ആവശ്യമില്ല. ചിലപ്പോൾ ഞാൻ ആവശ്യപ്പെടുന്ന ആ ഒരു സേഫ് സ്‌പേസ് തരുന്ന ആളായിരിക്കില്ല അവർ. അപ്പോൾ നമ്മൾ ഇവരെയാണോ ഒന്നിച്ചു കൊണ്ടുവന്ന് ജീവിക്കാൻ നോക്കുന്നത്. അവിടെയാണ് ഒരു പ്രശ്നം വരുന്നത്.
ഒരു ബന്ധത്തിൽ പുരുഷന്മാർക്ക് ഒരാളിൽ മാത്രം കേന്ദ്രീകരിക്കാതിരിക്കാനുള്ള അന്തരീക്ഷം സമൂഹം നൽകുന്നുണ്ടെന്ന് മഡോണ ചൂണ്ടിക്കാട്ടുന്നു.
‘ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, ഇനി ഞാൻ മാറിയാൽ ഈ പ്രശ്നമെല്ലാം സോൾവ് ആവുമോ അല്ലെങ്കിൽ എനിക്ക് അങ്ങനെ മാറാൻ സാധിക്കുമോ എന്ന്. എനിക്കറിയില്ല, അപ്പോൾ അത്തരത്തിലുള്ള ഒരു സിസ്റ്റത്തിൽ തന്നെ പ്രശ്നമുണ്ട്. സ്ത്രീകൾക്ക് അവിടെ ഓപ്ഷനുകൾ കുറവാണെന്നാണ് എനിക്ക് തോന്നുന്നത്.
കാരണം, പൂർണ്ണമായും ഒരാളിൽ ഇൻവെസ്റ്റ് ചെയാതിരിക്കാനുള്ള ഓപ്ഷൻ പുരുഷന്മാർക്കുണ്ട്, അല്ലെങ്കിൽ സമൂഹം അവർക്ക് അത്തരത്തിലുള്ള ഒരു കംഫർട്ട് സ്‌പേസ് നൽകിയിട്ടുണ്ട്. അവർക്ക് അങ്ങനെയൊരു ആവശ്യമുള്ളതായി എനിക്ക് തോന്നുന്നില്ല. അപ്പോൾ രണ്ട് വ്യക്തികൾ തിരയുന്ന കാര്യങ്ങളിൽ വലിയൊരു അന്തരം ഈ സമൂഹം ഉണ്ടാക്കിവെച്ചിട്ടുണ്ട്.
ജീവിതത്തിൽ മൂല്യം നൽകുന്ന ഒരാളെ കണ്ടുമുട്ടാൻ സാധിക്കാത്തതുകൊണ്ട് , ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തത്രമായി ജീവിക്കുകയാണെന്നും പറയുകയാണ് നടി.
എന്നെപ്പോലെയൊരാൾക്ക് ഇനി ജീവിതത്തിൽ എന്തെങ്കിലും വാല്യൂ തരുന്ന ഒരാളെ മാത്രമേ പങ്കാളിയായി സ്വീകരിക്കാൻ സാധിക്കൂ. എനിക്ക് ആഴത്തിൽ സ്നേഹിക്കണം, സുരക്ഷിതയാണെന്ന് ഫീൽ ചെയ്യണം. അത്തരത്തിലുള്ള ഒരാളെ കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോൾ ഞാൻ എന്റെ ജീവിതം ജീവിക്കുന്നു.
ഞാൻ അവരെയും ബുദ്ധിമുട്ടിക്കുന്നില്ല, അവർക്ക് എന്നെയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല. അങ്ങനെയൊക്കെയാണ് എനിക്ക് ഇൻഡിപെൻഡന്റ് ആവണം എന്ന ചിന്തയൊക്കെ വന്നുതുടങ്ങിയത്,’ മഡോണ സെബാസ്റ്റ്യൻ പറഞ്ഞു.