ഭോപാല്‍: വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍. ബി.ജെ.പി എം.എല്‍.എ ശരദ് കൗള്‍ രാജിവെച്ചു. ഇതോടെ മധ്യപ്രദേശ് നിയമസഭയില്‍നിന്നും രാജിവെച്ച അംഗങ്ങളുടെ എണ്ണം 23 ആയി.

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വാസവോട്ടെടുപ്പിന് മുമ്പ് കമല്‍നാഥ് രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്. 12 മണിക്ക് കമല്‍ നാഥും ദിഗ് വിജയ് സിങും വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

അതേസമയം, വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്നും തങ്ങളുടെ പക്കല്‍ ഫോര്‍മുല 5 ഉണ്ടെന്നും മന്ത്രി ശര്‍മ്മ പറഞ്ഞു. ‘ബി.ജെ.പി ഇപ്പോള്‍ നടത്തുന്നത് കുതിരക്കച്ചവടമല്ല, ആനക്കച്ചവടമാണ്. എന്തുതന്നെ സംഭവിച്ചാലും സഭയില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനാവും. ഞങ്ങളുടെ പക്കല്‍ ഫോര്‍മുല 5 ഉണ്ട്. വെളിപ്പെടുത്തലുകള്‍ 12 മണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടാവും. 16 എം.എല്‍.എമാരെ ബി.ജെ.പി എങ്ങനെയാണ് തട്ടിയെടുത്തതെന്നും അപ്പോള്‍ മനസിലാവും’, ശര്‍മ്മ പറഞ്ഞു.

പോഹരി എം.എല്‍.എ സുരേഷ് ധാക്കഡിന്റെ മകള്‍ ശിവപുരിയില്‍വെച്ച് എന്തിനാണ് ആത്മഹത്യ ചെയ്തതെന്നും വെളിപ്പെടുത്തുമെന്ന് ശര്‍മ്മ വ്യക്തമാക്കി. കുര്‍വാരി എം.എല്‍.എയ്ക്ക് തന്റെ അടുത്ത ബന്ധു മരിച്ചപ്പോള്‍പോലും അവിടെ പോകാന്‍ കഴിഞ്ഞില്ല. ഇതെല്ലാം അധികാര ദാഹികളുടെ ത്വരകൊണ്ട് സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ